കൊവിഡിനെ നേരിടാൻ കുടുക്കയിൽ സ്വരൂക്കൂട്ടിയ പണം നൽകി കുട്ടികൾ, കയ്യടിച്ച് സൈബർ ലോകം

single-img
1 April 2020

കോവിഡ് ബാധ സാന്നിധ്യം ഇന്ത്യയിൽ സ്ഥിതീകരിച്ചപ്പോൾ മുതൽ തന്നെ സ്തുത്യർഹമായ സേവനങ്ങളാണ് സർക്കാർ കാഴ്ചവയ്ക്കുന്നത് . കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാരുകളും ആരോ​ഗ്യപ്രവർത്തകരും. പൊലീസ്, ഡോക്ടർ, നഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധി പേർ സജീവമായി തന്നെ രം​ഗത്തുണ്ട്. തങ്ങളാൽ ആകുന്ന തുക സംഭാവനയായി നൽകി ഈ മഹാമാരിയെ ഒരുമിച്ച് നേരിടാമെന്ന് പ്രധാനമന്ത്രി ആഹ്വാനം നൽകിയിരുന്നു.

ഈ അവസരത്തിൽ വീട്ടിൽ മാസ്‌ക്കുകൾ തുന്നുന്ന സ്ത്രീകൾ മുതൽ ചെറിയ കുട്ടികൾ അവർ സ്വരൂക്കൂട്ടിയ പണം സംഭാവന ചെയ്യുന്ന ഹൃദയസ്പർശിയായ ധാരാളം കഥകൾ വരെ പുറത്തുവരികയാണ്.അത്തരത്തിൽ കുടുക്കയിൽ സ്വരൂക്കൂട്ടി വച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുന്ന ഏഴും ആറും വയസായ കുട്ടികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്.

ട്വിറ്റർ ഉപയോക്താവായ മനസ് എന്ന യുവാവാണ് മിസോറാമിൽ നിന്നുള്ള ഏഴ് വയസുകാരന്റെ ചിത്രങ്ങൾ‍ പങ്കുവച്ചിരിക്കുന്നത്. കുടുക്കയിൽ സ്വരൂക്കൂട്ടി വച്ച 333രൂപയാണ് കൊവിഡ് പ്രവർത്തനങ്ങൾക്കായി ഈ കൊച്ചുമിടുക്കൻ നൽകിയത്. പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തകർക്കാണ് ഈ തുക കൈമാറിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.ഉമർ ഖാലിദ് എന്നയാളാണ് ആറ് വയസുകാരൻ തൻ സൂക്ഷിച്ച് വച്ച പണം പൊലീസ് സ്റ്റേഷനിൽ എത്തി ഏൽപ്പിക്കുന്നതിന്റെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മാസ്ക്ക് ധരിച്ച് നിൽക്കുന്ന കുട്ടിയേയും കുടുക്ക പൊട്ടിച്ച് പണം എണ്ണുന്ന പൊലീസുകാരെയും കാണാനാകും.