ഒരാഴ്ചത്തേക്ക് മൂന്നു ലിറ്ററെങ്കിൽ മൂന്നുലിറ്റർ: മദ്യത്തിനായി ആദ്യ ദിനം ലഭിച്ചത് 30 അപേക്ഷകൾ

single-img
1 April 2020

ഡോക്ടറുടെ നിർദേശപ്രകാരം മദ്യാസക്തിക്ക് അടിപ്പെട്ടവർക്ക് മദ്യം നൽകുമെന്ന സർക്കാർ ഉത്തരവ് പുറത്തു വന്നതോടെ സംസ്ഥാനത്തെ വിവിധ എക്സൈസ് ഓഫീസുകളിലേക്ക് മദ്യപരുടെ അപേക്ഷകളെത്തി.  ആദ്യദിനംതന്നെ സംസ്ഥാനത്തെ വിവിധ ഏക്‌സൈസ് ഓഫീസുകളിൽ കിട്ടിയത് 30 അപേക്ഷകളാണ്. 

ഓഫീസ് നടപടിക്രമങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ കിട്ടാത്തിനാൽ അപേക്ഷകളിൽ എക്‌സൈസ് അന്തിമതീരുമാനം എടുത്തിട്ടില്ല. ചില ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചതുമില്ല. എത്തിയവരെ മടക്കിയയച്ചു. സ്വകാര്യ ഡോക്ടർമാരുടെ കുറിപ്പടികളുമായും ചിലരെത്തി. ഇവരെയും മടക്കി അയച്ചു.

സംസ്ഥാനത്തെ വിവിധ എക്സൈസ് ഓഫീസുകളിലെത്തിയ അപേക്ഷകൾ ഇങ്ങനെയാണ്. എറണാകുളം 8, കോട്ടയം 4, തിരുവനന്തപുരം 3, ആലപ്പുഴ 3, പത്തനംതിട്ട 3,കൊല്ലം 3,പാലക്കാട് 2,തൃശ്ശൂർ 2,ഇടുക്കി, വയനാട് ഓഫീസുകളിൽ ഓരോ അപേക്ഷകൾ. 

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് ഒരാഴ്ചത്തേക്ക് പരമാവധി  മൂന്ന്‌ ലിറ്റർ വിദേശമദ്യമാണ് നൽകുക. എക്സൈസ് റേഞ്ച് ഓഫീസിൽനിന്നാണ് ഇതിനുള്ള പാസ് നൽകുക. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുന്നതിനാൽ ഇവർക്ക് മദ്യം നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തേണ്ടതുണ്ട്.