കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും

single-img
1 April 2020

കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ജില്ലയില്‍ 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 9 പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 265 ആയി.

കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കുമെന്നും മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത് എന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകിയാതായും മുഖ്യമന്ത്രി അറിയിച്ചു.

237 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. . ഇന്ന് മാത്രം പുതിയതായി 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. 7256 എണ്ണത്തിൽ രോഗബാധയില്ല. സംസ്ഥാനത്താകെ ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി. ഏഴ് പേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർ. നെഗറ്റീവായത് 26. ഇവരിൽ നാല് പേർ വിദേശികളാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേപോലെതന്നെ കേരളം നടത്തിയ ഇടപെടലില്‍ ജർമ്മനിയിൽ ഗുണം ഉണ്ടായി. ലോക്ക് ഡൗണിൽപെട്ട 265 പൗരന്മാർ അവിടെയെത്തി. സംസ്ഥാനത്തെ 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജർമ്മൻ എംബസിയുടെ ആവശ്യത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകി. തിരിച്ചെത്തിയവർ സന്തുഷ്ടരാണെന്ന് അവർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.