നിർവികാരനായി അമേരിക്കയുടെ ഭരണാധികാരി പറയുന്നു ; നേരിടാനുള്ളത് വേദന നിറഞ്ഞ രണ്ടാഴ്ച, ലക്ഷങ്ങള്‍ മരിച്ചുവീഴാം

single-img
1 April 2020

വാഷിംഗ്ടണ്‍: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ജനതക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

“വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം”. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലേഗ് സമാനമായ അവസ്ഥയിലെത്തിയെന്നും ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.മാന്ത്രിക വാക്‌സിനോ തെറപ്പിയോ ഇല്ല. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പ്രതിസന്ധി മറികടക്കാമെന്ന് കൊവിഡ് 19 റെസ്‌പോണ്‍സ് കോഓഡിനേഷന്‍ തലവന്‍ ഡിബോറബെര്‍ക്‌സ് പറഞ്ഞു. ഒന്നുമുതല്‍ 2.40 ലക്ഷം വരെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്‌. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു.