കോവിഡ് ബാധിതരെന്ന് സംശയം; വിവരം കൈമാറിയ യുവാവിനെ മർദ്ധിച്ച് കൊലപ്പെടുത്തി

single-img
1 April 2020

പറ്റ്ന: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങിയെത്തിയവരുടെ വിവരം അധികൃതര്‍ക്ക് കൈമാറിയ യുവാവിന് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശിയും 24കാരനുമായ ബബ് ലൂ കുമാറാണ് അക്രമിസംഘത്തിന്‍റെ മര്‍ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാറിലെ സീതാമാര്‍ഗി ജില്ലയിലെ മധൂള്‍ ഗ്രാമത്തിലാണ് സംഭവം. വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ മധൂള്‍ ഗ്രാമവാസികളായ മുന്നാ മഹ്തോയും സുധീര്‍ കുമാറും മടങ്ങിയെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ഇവരെത്തിയ വിവരം ബബ് ലു അധികൃതര്‍ക്ക് കൈമാറിയിരുന്നു.

മാര്‍ച്ച്‌ 25ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും വീട്ടിലെത്തുകയും ഇരുവരുടെ കുടുംബത്തെ കോവിഡ് നിര്‍ണയ പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ക‍ഴിയാന്‍ നിര്‍ദേശം നല്‍കി.ഇതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച ബബ് ലു ആക്രമിക്കപ്പെട്ടു. ഗുരുതര പരിക്കേറ്റ ബബ് ലുവിനെ മുസാഫര്‍പുരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുന്നായും സുധീറും ഗ്രാമത്തിലെത്തിയ വിവരം കൈമാറിയതിന്‍റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് ബബ് ലുവിന്‍റെ സഹോദരന്‍ ഗുഡു ആരോപിക്കുന്നു. ഗുഡുവിന്‍റെ മൊഴിയില്‍ പൊലീസ് ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.മഹാരാഷ്ട്രയിലെ പുനെയില്‍ ജോലി ചെയ്തിരുന്ന ബബ് ലു രണ്ടു മാസം മുമ്ബാണ് നാട്ടിലെത്തിയത്.