പുത്തൻ കാറിൽ നാടുചുറ്റാനിറങ്ങി; കാസർഗോഡുകാരനെ നാട്ടുകാർ കയ്യുംകാലും കെട്ടി പൊലീസിലേൽപ്പിച്ചു: കാറും അടിച്ചു തകർത്തു

single-img
31 March 2020

പുത്തന്‍ കാര്‍ വാങ്ങി ദിവസങ്ങളായെങ്കിലും ലോക്ക് ഡൗണ്‍ കാരണം റോഡിലിറക്കാൻ കഴിഞ്ഞിരുന്നില്ല. കാത്തിരുന്ന് കാത്തിരുന്നു മുഷിഞ്ഞു കഴിഞ്ഞ ദിവസം കാര്‍ റോഡിലിറക്കാന്‍ തന്നെ തീരുമാനിച്ച് കാസര്‍കോട് ആലമ്പാടി സ്വദേശി സിഎച്ച് റിയാസ്.  സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയിരുന്നുമില്ല. ഇടയ്ക്ക് കാറിനെ പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താൻ കൂട്ടാക്കിയില്ല. 

നിരത്തില്‍ മറ്റുവാഹനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അമിത വേഗമായിരുന്നു കാറിന്. സ്റ്റേറ്റ് ഹെെവേയിലെ തടസ്സങ്ങളൊന്നും ഗൗനിക്കാതെ വാഹനമോടിച്ച റിയാസിനെ ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടയുകയായിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞാണ് നാട്ടുകാര്‍ വഴി തടഞ്ഞത്. ഒടുവില്‍ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിൽ ഏല്‍പിച്ചത്.

റിയാസ് വന്ന വാഹനം നാട്ടുകാർ അടിച്ചു തകര്‍ത്തു. തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയക്കുകയായിരുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. 

 നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു.