നിസാമുദ്ദീനിലെ സമ്മേളനം; ആരെങ്കിലും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ നടപടി: അരവിന്ദ് കെജ്‌രിവാള്‍

single-img
31 March 2020

തലസ്ഥാനമായ ഡൽഹിയിൽ നിസാമുദ്ദീനില്‍ കഴിഞ്ഞ ദിവസം നടന്ന മതചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടെത്തി. സംസ്ഥാനത്ത് ഇതുവരെ കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും പ്രാദേശിക വ്യാപനം നിയന്ത്രണ വിധേയമാണെന്നും പറഞ്ഞ അദ്ദേഹം, തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ആരെങ്കിലും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും വ്യക്തമാക്കി.

കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും കെജ്‌രിവാള്‍ പറഞ്ഞു. നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രോഗത്തെ പ്രതിരോധിക്കാനായി ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

‘ഇത് നവരാത്രികാലമാണ്. എന്നാല്‍ ആരും ക്ഷേത്രങ്ങളില്‍ ഇല്ല. എവിടെയും ഗുരുദ്വാരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മക്ക യും വത്തിക്കാന്‍ സിറ്റിയും ഒഴിഞ്ഞുകിടക്കുകയാണ്. ലോകത്തിലെ വികസിത രാജ്യങ്ങളില്‍പോലും ഈ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് തന്നെയാണ് പ്രശ്‌നങ്ങളുണ്ടാവുക’, – കെജ്‌രിവാള്‍ പറഞ്ഞു.