ജീവൻ രക്ഷാ മരുന്നുമായി കേരള പൊലീസ് നിർത്താതെ ഓടിയത് 550 കിലോമീറ്റർ: 19 പൊലീസ് വാഹനങ്ങളിലൂടെ ലതികയ്ക്കു ജീവൻ തിരിച്ചു നൽകിയ പൊലീസ് ചരിതം

single-img
31 March 2020

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പൊലീസിന്റെ കർശന നടപടികൾ രൂക്ഷ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.  എന്നാൽ അതിനിടിയിലെല്ലാം തങ്ങളുടെ കർത്തവ്യം ഭംഗിയായി നിർവ്വഹിക്കുന്നതിൽ ശ്രദ്ധകാണിക്കുകയാണ് കേരള പൊലീസ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പൊലീസുകാർ ഒരേമനസ്സോടെ പ്രവർത്തിച്ചപ്പോൾ ലതികയ്ക്കു തിരികെ കിട്ടിയത് തൻ്റെ ജീവനാണ്. എൻഡോസൾഫാൻ ദുരിതബാധിതന്റെ അമ്മയ്ക്കുള്ള ജീവൻരക്ഷാമരുന്നാണ് രാത്രി‌ നിർത്താതെ ഓടിയ 19 പൊലീസ് വാഹനങ്ങളിലൂടെ തിരുവനന്തപുരത്ത് നിന്നും കാസർകോട് പെരിയയിൽ എത്തിയത്. 

എഎസ്ഐയിൽ തുടങ്ങി മന്ത്രിയും ഡിജിപിയും വരെ ഈ മാതൃകാനടപടിയിൽ പങ്കാളികളായി എന്ന കൗതുകവുമുണ്ട് ഈ യാത്രയ്ക്ക്.  കാസർകോട് മൊയോലത്തെ കൃഷ്ണന്റെ ഭാര്യ ലതിക ഹൃദ്രോഗിയാണ്. ഇവരുടെ രണ്ടാമത്തെ മകൻ അനിരുദ്ധ് കൃഷ്ണൻ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാരരോഗിയുമാണ്. ലതിക 19 വർഷമായി മുടങ്ങാതെ കഴിക്കുന്ന പെൻസിലിൻ-വി എന്ന മരുന്ന് മൂന്നുവർഷമായി തിരുവനന്തപുരത്തുനിന്നാണ് എത്തിക്കാറുള്ളത്. എന്നാൽ ലോക് ഡൗൺ കാരണം ഇത്തവണ അതു മുടങ്ങുസകയായിരുന്നു. 

മരുന്നുതീരാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് വിവരം ലതിക എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ കൂടിയായ അമ്പലത്തറ കുഞ്ഞികൃഷ്ണനെ അറിയിക്കുന്നത്. അദ്ദേഹം തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സെയ്ഫുദ്ദീനെ വിവരമറിയിച്ചു. അദ്ദേഹം ഈ വിവരം ശനിയാഴ്ച രാത്രി പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നൽകി. 

തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അനിൽ മരുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള മെഡിക്കൽ ഷോപ്പിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും മരുന്ന്  തിരുവനന്തപുരത്ത് നിന്നും കാസർകോട്ടെത്തിക്കൽ അടുത്ത വെല്ലുവിളിയായി മാറുകയായിരുന്നു. കാസർകോട്ടു നിന്നുള്ള മന്ത്രിയായ ഇ ചന്ദ്രശേഖരനെ വിവരം അറിയിക്കുന്നതിന് സെയ്ഫുദ്ദീൻ കാഞ്ഞങ്ങാട്ടെ സിപിഐ നേതാവ്  ദാമോദരനെ ബന്ധപ്പെട്ടു. 

ദാമോദരനും പോലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിജുവും മന്ത്രിയെ വിവരം ധരിപ്പിക്കുകയും മന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ വിട്ട് മരുന്ന് വാങ്ങിപ്പിച്ച് പൊലീസ് പോലീസ് ആസ്ഥാനത്ത് എത്തിക്കുകയുമായിരുന്നു. ഡിജിപിയോട്  മരുന്ന് കാഞ്ഞങ്ങാട്ടെത്തിക്കാൻ മന്ത്രി നിർദേശിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് മരുന്നുമായി പൊലീസ് വാഹനം യാത്രതുടങ്ങി. വഴിയിലെ ഏഴു ജില്ലാ പൊലീസ് മേധാവികൾക്കും ദൗത്യത്തിൽ ആവശ്യമായ സഹായം വിട്ടുകൊടുക്കാൻ ഡിജിപി നിർദേശിച്ചു. 

ഒരു രാത്രികൊണ്ട് വിവിധ ജില്ലകളിലെ 19 ഹൈവേ പട്രോളിങ് വാഹനങ്ങളിലൂടെ ഞായറാഴ്ച പുലർച്ചെ അഞ്ചിന് നീലേശ്വരം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ മരുന്നെത്തുകയായിരുന്നു. രാവിലെ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ മാത്യുവിന്റെയും സെയ്ഫുദ്ദീന്റെയും നേതൃത്വത്തിൽ മരുന്ന് ലതികയ്ക്ക് നൽകുകയും ചെയ്തു.