ഇവയാണ് ഇന്ത്യയിൽ കൊറോണ രൂക്ഷമായ പത്തു സ്ഥലങ്ങൾ: കേരളത്തിൽ നിന്നും രണ്ടെണ്ണം

single-img
31 March 2020

കൊറോണ അതീവ രൂക്ഷമായ 10 സ്ഥലങ്ങൾ ഹോട്ട്സ്‌പോട്ടുകളാക്കി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. ദിൽഷാദ് ഗാർഡൻ, നിസാമുദ്ദീൻ, നോയിഡ, മീററ്റ്, ബിൽവാര, അഹമ്മദാബാദ്, കാസർകോട്, പത്തനംതിട്ട, മുംബയ്, പൂനെ എന്നിവയാണ് ഹോട്ട്സ്‌പോട്ടുകളായി കേന്ദ്ര സർക്കാർ  പ്രഖ്യാപിച്ചിരിക്കുന്നത്.

 മരണനിരക്ക് ഉയർന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചത്. അഞ്ച് കേസുകളാണ് അഹമ്മദാബാദിൽ സ്ഥിരീകരിച്ചതെങ്കിലും മൂന്ന് മരണങ്ങളുണ്ടായി. 100 പേർക്ക് ഒരു മരണം എന്നതാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയിലുണ്ടാവുന്ന ശരാശരി മരണനിരക്ക്. ഇത് മറികടന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

10 പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളെ ക്ലസ്റ്ററുകളായാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. ക്ലസ്റ്ററുകൾ കൂടിചേർന്നതാണ് ഹോട്ട്സ്‌പോട്ടുകൾ.ഹോട്ട്സ്‌പോട്ടുകളിൽ പരിശോധനകൾ വ്യാപകമാക്കും. 

ഹോട്ട് സ്പോട്ടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.