ചൈനീസ് മാസ്കുകളും കൊവിഡ് നിർണയ കിറ്റുകളും യൂറോപ്യൻ രാജ്യങ്ങൾ നിരസിച്ചു; ഗുണനിലവാരമില്ലാത്തതിനാലെന്ന് വിശദീകരണം

single-img
31 March 2020

ചൈനയിൽ നിർമ്മിച്ച മെഡിക്കൽ ഉപകരണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ നിരസിച്ചു. ഗുണനിലവാരമില്ലെന്ന കാരണത്താലാണ് ചൈനീസ് മാസ്കും കൊവിഡ് നിർണയ കിറ്റുകളും അടക്കമുള്ള ഉപകരണങ്ങൾ നിരസിച്ചത്.  സ്പെയിന്‍, തുര്‍ക്കി, നെതര്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വിതരണം ചെയ്ത ആറു ലക്ഷം മാസ്കുകൾ ഡച്ച്‌ ആരോഗ്യ മന്ത്രാലയം തിരിച്ചെടുക്കുകയായിരുന്നു.ചൈനയിൽ നിർമ്മിച്ച് കയറ്റി അയച്ച മാസ്കുകള്‍ മാര്‍ച്ച്‌ 21നാണ് രാജ്യത്തെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തിന് അന്നുതന്നെ മാസ്കുകള്‍ കൈമാറിയിരുന്നു. മാസ്കില്‍ ഉപയോഗിച്ച വലകള്‍ പ്രവര്‍ത്തന രഹിതമാണെന്നും, മുഖത്തിന് യോജിക്കുന്നതല്ലെന്നുമാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.

ചൈനീസ് കമ്പനിയിൽ നിന്ന് കൈപ്പറ്റിയ കൊവിഡ് ടെസ്റ്റിങ് കിറ്റിനും ഗുണനിലവാരമില്ലെന്ന് സ്പെയിന്‍ സര്‍ക്കാറും വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിഗമനത്തില്‍ എത്താന്‍ ചൈനീസ് ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയില്‍ കഴിയുന്നില്ലെന്നാണ് ആരോപണം.

ചൈനീസ് മെഡിക്കല്‍ അതോറിറ്റിയുടെ ഔദ്യോഗിക ലൈസന്‍സ് ഇല്ലാത്ത ഷെന്‍ഷന്‍ ബയോക്സി ബയോടെക്നോളജി എന്ന കമ്പനിയുടെ ഉല്‍പന്നങ്ങളാണ് തിരിച്ചയക്കുന്നതെന്ന് ചൈനയിലെ സ്പാനിഷ് എംബസി വ്യക്തമാക്കി.