മരണത്തിൽ ഇന്നലേയും ഇറ്റലിയെ കടത്തിവെട്ടി സ്പെയിൻ: അമേരിക്കയിൽ മരണം 3000 കവിഞ്ഞു

single-img
31 March 2020

ലോകത്ത് കൊറോണ വൈറസ് ബാധ ഭീകര മരണം വിതയ്ക്കുകയാണ്.  കോവിഡ് ബാധിച്ചുള്ള മരണം 37,000 കടന്നു. 37,780 പേരാണ് മരിച്ചത്. ലോകത്താകെ ഇതുവരെ ഏഴരലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,64,759 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസില്‍ മരണം മൂവായിരം കടന്നു. ഇതുവരെയുള്ള മരണം 3148 പേരാണ്. ഇന്നലെ മാത്രം മരിച്ചത് 565 ആളുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ, കൊറോണ വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചത് 19,988 ആളുകള്‍ക്കാണ്.ആകെ രോഗബാധിതരുടെ എണ്ണം 1,63,479 പേരായിട്ടുണ്ട്. 

ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 812 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ആകെ മരണം 11,519 ആയി ഉയര്‍ന്നു. 

സ്‌പെയിനിലും ഫ്രാന്‍സിലും ബ്രിട്ടനിലും കോവിഡ് മരണനിരക്ക് ഉയരുകയാണ്. ലോകത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. 913 പേരാണ് മരിച്ചത്. ഇതോടെ സ്‌പെയിനില്‍ കൊറോണ മരണം 7716 ആയി. 

ഫ്രാന്‍സില്‍ 3024, ഇറാന്‍ 2757, ബ്രിട്ടന്‍ 1408 എന്നിങ്ങനെയാണ് മരണസംഖ്യ. യൂറോപ്യന്‍ യൂണിയനു പുറമേ, ആഫ്രിക്കന്‍ രാജ്യങ്ങളിലും കോവിഡ് പടരുകയാണ്.