ഒരു ലക്ഷത്തിലധികം കിടക്കകൾ; 72147 കിടക്കകൾ സജ്ജം: കൊറോണ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുന്നത് പൊതുമരാമത്ത് വകുപ്പ്

single-img
31 March 2020

കൊറോണ വ്യാപനം ഉണ്ടായാൽ നേരിടാൻ ഒരുലക്ഷത്തിലധികം കിടക്കകൾ സജ്ജമാക്കാൻ കേരള സർക്കാർ. പൊതുമരാമത്ത് വകുപ്പാണ് കൊറോണ രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കാൻ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നത്.

ഏതു സാഹചര്യവും നേരിടാൻ സർക്കാരിന്റെ എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണെന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരൻ ഇവാർത്തയോട് പറഞ്ഞു.

ഇന്ന് വൈകുന്നേരമായപ്പോഴേയ്ക്കും 72147 കിടക്കകൾ രോഗികളെ പാർപ്പിക്കാവുന്ന തരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടനിർമാണ വിഭാഗമാണ് (ബിൽഡിംഗ്സ്) ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നത്. എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗമായാണ് വാർഡുകൾ തയ്യാറാക്കുന്നത്. ഇതിൽ എ വിഭാഗത്തിലെ വാർഡുകൾ ഒരു മുറിയിൽ ഒരാൾ എന്നകണക്കിൽ അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ള മുറികളാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കിടത്തി ചികിത്സിക്കാനാണ് ഈ വാർഡുകൾ ഉപയോഗിക്കുക. കാറ്റഗറി എയിലുള്ള 25730 കിടക്കകളാണ് ഇന്ന് ഉപയോഗിക്കാവുന്നതരത്തിൽ പണിപൂർത്തിയാക്കിയതെന്ന് പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട് ഇവാർത്തയോട് പറഞ്ഞു.

മെഡിക്കൽ കോളജുകളുടെ ഹോസ്റ്റൽ റൂമുകൾ ആണ് എ വിഭാഗത്തിലുള്ള ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് എല്ലാവിധ അടിയന്തിര ചികിത്സാ സൌകര്യങ്ങളും ലഭ്യമാക്കുന്നതിനാണ് മെഡിക്കൽ കോളജുകളുടെ സമീപത്തുള്ള ഹോസ്റ്റലുകൾ തന്നെ ഇതിനായി സജ്ജമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജുകൾ, സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവ കൂടാതെ സർക്കാർ മെഡിക്കൽ കോളജുകളുടെ ഹോസ്റ്റലുകൾ, എഞ്ചിനീയറിംഗ് കോളജുകളുടെ ഹോസ്റ്റലുകൾ എഞ്ചിനീയറിംഗ്-ആർട്സ് കോളജുകളുടെ ക്ലാസ് റൂമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് വാർഡുകൾക്ക് സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുന്ന സ്ഥലങ്ങളിലെ മരാമത്തുപണികൾ, ഇലക്ട്രിക്കൽ-പ്ലംബിംഗ് ജോലികൾ എന്നിവ പൂർത്തിയാക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. നിലവിൽ മുന്നൂറിലധികം പൊതുമരാമത്ത് എഞ്ചിനീയർമാർ ഇതിനായി രംഗത്തുണ്ട്. മറ്റു സൌകര്യങ്ങൾ ആരോഗ്യവകുപ്പ് നേരിട്ടാണ് സജ്ജമാക്കുന്നത്.

കേരളത്തിൽ 215 പേർക്കാണ് ഇതുവരെ കോവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ 1,63,129 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. സമൂഹവ്യാപനം പോലെയുള്ള അപകടകരമായ സാഹചര്യങ്ങൾ ഉണ്ടായാൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുവാൻ സാധ്യതയുണ്ട്. എന്നാൽ ഏത് അടിയന്തിര സാഹചര്യമുണ്ടായാലും നേരിടാൻ സർക്കാർ പ്രാപ്തമാണെന്നും അത്തരത്തിൽ ഒരു മുൻകരുതൽ എന്നനിലയിലാണ് ഇത്രയധികം ഐസൊലേഷൻ വാർഡുകൾ സർക്കാർ സജ്ജമാക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു. ഏപ്രിൽ അഞ്ചിന് മുൻപായി ഒരുലക്ഷത്തിലധികം കിടക്കകൾ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു.