പാകിസ്താനികൾ ദെെവത്തെ പോലെ ആരാധിക്കുന്ന ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥ

single-img
30 March 2020

ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥ ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്താനിലെ ജനങ്ങളുടെ പോലും ആദരവ് പിടിച്ചു പറ്റുകയാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ 280 കുടുംബങ്ങള്‍ ദൈവത്തെപ്പോലെ ആരാധിക്കുകയാണ് ഈ ഉദ്യോഗസ്ഥയെ. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വിജയന്ത ആര്യയെ. അതിനൊരു കാരണമുണ്ട്. 

ജോലി തേടി ഇന്ത്യയില്‍ എത്തി ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരാണ് പാക്കിസ്ഥാനില്‍നിന്നെത്തിയവര്‍. ഡല്‍ഹിയിലെ മജ്‍ലിസ് പാര്‍ക്കിലാണ് അവര്‍ തമ്പടിച്ചിരിക്കുന്നത്. ജോലിയില്ലാതെയും യാത്ര ചെയ്യാനാവാതെയും മരണം മുന്നില്‍ക്കണ്ട ഇവര്‍ക്കുമുന്നില്‍ ദൈവദൂതരെപ്പോലെ അവതരിക്കുകയായിരുന്നു വിജയന്ത ആര്യ എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലെത്തിയ പൊലീസുകാര്‍.

കുടുങ്ങിപ്പോയ പാകിസ്താനികൾക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തതിനൊപ്പം ലോക്ഡൗണ്‍ നിലനില്‍ക്കുന്ന 21 ദിവസവും ഭക്ഷണം മുടക്കമില്ലാതെ കൊടുക്കാമെന്നും വിജയന്ത ഉറപ്പുകൊടുത്തിരിക്കുകയാണ്. 

`നൂറുകണക്കിനു കുടുംബങ്ങള്‍ മജ്‍ലിസ് പാര്‍ക്കില്‍ ഭക്ഷണം കിട്ടാതെ വലയുകയാണെന്നും പട്ടിണിയാണെന്നും അറിഞ്ഞാണ് ഞങ്ങള്‍ എത്തുന്നത്. അങ്ങേയറ്റം ദയനീയമായിരുന്നു ഇവരുടെ ജീവിതം. ഉടന്‍തന്നെ അവര്‍ക്കുവേണ്ട എല്ലാ വസ്തുക്കളും എത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. 21 ദിവസത്തേക്ക് ഇവരുടെ എല്ലാ ഉത്തരവാദിത്തവും ഞങ്ങള്‍ ഏറ്റെടുക്കുകയാണ്´- വിജയന്ത അഭിമാനത്തോടെ പറയുന്നു.

കോവിഡിനെതിരായ പോരാട്ടം ഒറ്റയ്ക്കൊറ്റയ്ക്കല്ല, ഒരുമിച്ചാണു വേണ്ടതെന്നാണ് വിജയന്ത പറയുന്നത്. ഒരു രാജ്യം ഒറ്റക്കെട്ടായി നീങ്ങിയാല്‍ ഏതു മഹാമാരിയെയും പരാജയപ്പെടുത്താം- പൊലീസ് സേനയ്ക്കും ഇന്ത്യയ്ക്കും അഭിമാനമായ വിജയന്ത പറയുന്നു.

ഡല്‍ഹി പൊലീസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് നെഹ്റു ലാല്‍ എന്ന പാക്ക് അഭയാര്‍ഥി പറയുന്നത്. മജ്‍ലിസ് പാര്‍ക്കില്‍ താമസിക്കുന്ന നൂറുകണക്കിനു പേരില്‍ ഒരാളാണ് നെഹ്റു ലാലും. വിജയന്തയുടെ കാരുണ്യത്താല്‍ തങ്ങള്‍ ഇപ്പോള്‍ പട്ടിണി കൂടാതെ കഴിയുകയാണെന്നും അവര്‍ പറയുന്നു.