യുഎഇയിൽ ഇനിമുതൽ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെയും ശമ്പളവും വെട്ടികുറക്കാം; ഉത്തരവിറങ്ങി

single-img
30 March 2020

യുഎഇയിൽ ഇനിമുതൽ സ്വകാര്യ കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരെ വെട്ടികുറക്കാനും, തൊഴിലാളികളുടെ ശമ്പളത്തിൽ മാറ്റം തൊഴിൽമന്ത്രാലയത്തിന്റെ അനുമതി. കൊറോണ ഉണ്ടാക്കിയ സാമ്പത്തിക ആഘാതങ്ങളെ മറി കടക്കാനാണ് ഈ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം കൂടുതലായുള്ള തൊഴിലാളികളുടെ പേര് വിവരങ്ങൾ വെർച്ച്വൽ ജോബ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് അവരെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും.

ഒരു സ്ഥാപനത്തിൽ ജോലി നഷ്ടമാകുമ്പോൾ ജീവനക്കാർക്ക് മറ്റിടങ്ങളിൽ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നത്. ഈ രീതി അല്ലാതെ തൊഴിൽ കരാറിൽ മാറ്റം വരുത്തി ജീവക്കാരുടെ ശമ്പളം താൽകാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.ഇങ്ങിനെ ചെയ്യുന്നത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം.

ഈ രീതികൾ അല്ലാതെ ശമ്പളത്തോട് കൂടിയുള്ള അവധി നൽകിയോ, അല്ലാതെയോ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകാം. സ്ഥാപനം നീക്കം ചെയ്ത ജീവനക്കാർ രാജ്യത്ത് തുടരുന്നത് വരെയോ അവർക്ക് വേറൊരു സ്ഥാപനത്തിൽ ജോലി ലഭിക്കുന്നത് വരെയോ ശമ്പളം നൽകുന്നില്ലെങ്കിലും അവരുടെ താമസം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഈമാസം 26 മുതൽ പ്രാബല്യത്തില്‍ വന്ന നിയമം പ്രവാസി ജീവനക്കാർക്ക് മാത്രമാണ് ബാധകമാവുക.