ശക്തിമാനു വേണ്ടി മുറവിളി; ലോക്ക് ഡൗൺകാലത്ത് ഇഷ്ടപരമ്പരകൾ തേടി പ്രേക്ഷകർ

single-img
30 March 2020

കൊരോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്തിറങ്ങാനാകാതെ വന്നതോടെ ഭൂരിഭാഗം ജനങ്ങളും ദൃശ്യമാധ്യമങ്ങളെ ആശ്രയിച്ചാണ് സമയം ചിലവഴിക്കുന്നത്.ഈ സമയത്ത് പ്രേക്ഷകരുടെ പഴയകാലത്തെ ഇഷ്ട പരമ്പരകളായ രാമായണവും മഹാഭാരതവും വീണ്ടും ടി വിയിൽ സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.എന്നാൽ പഴയകാലത്തെ ഹിറ്റ് പരമ്പരകളിലൊന്നായിരുന്ന ശക്തിമാനും വീണ്ടും സംപ്രേക്ഷമം ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്..

ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ ഹരമായിരുന്ന ശക്തിമാന്‍ തിരിച്ചെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. രാമായണവും മഹാഭാരതവും മാത്രമല്ല, ശക്തിമാനെയും വേണമെന്ന ആവശ്യവുമായി സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്. ശക്തിമാന്‍ സീരിയല്‍ പുനഃസംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ശക്തിമാന്‍ ഹാഷ്‌ ടാഗില്‍ നിരവധി പേരാണ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ‘ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ശക്തിമാനെ കൂടാതെ, മുന്‍കാലങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്ന മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സമൂഹമാദ്ധ്യമങ്ങളില്‍ ശക്തമാണ്.