കൊറോണ ഹെൽപ് ലൈൻ നമ്പറിൽ യുവാവ് തുടര്‍ച്ചയായി വിളിച്ച് ആവശ്യപ്പെട്ടത് കഴിക്കാന്‍ സമോസ; ഒടുവില്‍ സമോസ കിട്ടി കൂടെ ‘എട്ടിന്റെ’ പണിയും

single-img
30 March 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് അത്യാവശ്യ സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ യുപിയിലെ ലോക്ക് ഡൌണില്‍ കുടുങ്ങിയ ആളുകള്‍ക്ക് വേണ്ടി ക്രമീകരിച്ച ഹെല്‍പ് ലൈനിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു ആവശ്യവുമായി കോൾ എത്തി. വേറൊന്നുമല്ല, കഴിക്കാൻ സമോസ വേണമെന്നായിരുന്നു ആ വിളിയുടെ പിന്നിലെ ആവശ്യം. എന്നതായാലും അനാവശ്യമായി ഹെല്‍പ് ലൈനില്‍ വിളിച്ച ഈ യുവാവിനെക്കൊണ്ട് അഴുക്ക് ചാല്‍ വൃത്തിയാക്കിപ്പിക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്.

റാം പൂരിലെ ജില്ലാ മജിസ്‌ട്രേറ്റാണ് ഇത്തരത്തിൽ ഒരു കര്‍ശന നടപടി സ്വീകരിച്ചത്. ഒന്നിലധികം തവണ ഹെല്‍പ് ലൈനില്‍ വിളിച്ച് ഇയാള്‍ സമോസ ആവശ്യപ്പെട്ടിരുന്നു. ആദ്യമൊക്കെ യുവാവിനോട് ഹെല്‍പ് ലൈന്‍ ക്രമീകരിച്ചത് ഇതിനല്ലെന്ന് വിശദമാക്കിയിട്ടും വീണ്ടും അനാവശ്യമായി ശല്യപ്പെടുത്തുന്നത് തുടര്‍ന്നതോടെയാണ് കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്തായാലും ശിക്ഷയായ അഴുക്ക് ചാല്‍ വൃത്തിയാക്കിയ ശേഷം അയാൾ ആവശ്യപ്പെട്ട സമോസയും നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്.അതേസമയം ഹെല്‍പ് ലൈനില്‍ അനാവശ്യമായി വിളിച്ച് ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ ഇനിയും കര്‍ശന നടപടി തുടരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.