അതിഥി തൊഴിലാളികളുടെ മൊബെെലിൽ എത്തിയത് ഡൽഹിയിൽ നിന്നുൾപ്പെടെയുള്ള വോയ്സ് ക്ളിപ്പുകൾ: ഡൽഹിയിൽ നിന്നും യുപിയിലേക്ക് ബസുകൾ ഏർപ്പാടായതുപോലെ കേരളത്തിൽ നിന്നുമുണ്ടാകുമെന്ന് പ്രചരണം

single-img
30 March 2020

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് പായിപ്പാട് ഇന്നലെ അന്യസംസ്ഥാന തൊഴിലാളികൾ സംഘടിക്കുകയും ക്രമസമാധാന പ്രശ്നമുണ്ടാക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്.പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു ബംഗാള്‍ സ്വദേശി അറസ്റ്റിലായി. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. വിലക്ക് ലംഘിച്ചു, ആളുകളെ വിളിച്ചുകൂട്ടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 

തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളുടെ ഫോണ്‍ അടക്കം പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മറ്റുതൊഴിലാളികളോട് കൂട്ടമായി എത്താന്‍ ആവശ്യപ്പെട്ടിരുന്നതായി ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇന്നലെ വൈകുന്നേരം തന്നെ പെരുമ്പാവൂരുൾപ്പെടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മുഴുവൻ സ്ഥലങ്ങളിലും പൊലീസെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊറോണ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തൊഴിലാളികളെ ബോദ്ധ്യപ്പെടുത്തിയ പൊലീസ് സംഘം ഓരോ ക്യാമ്പിൽ നിന്നും ഏതാനും പേരുടെ വീതം പേരുവിവരങ്ങളും ഫോൺ നമ്പരുകളും ശേഖരിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂരിൽ പൊലീസ് ഇന്നലെ റൂട്ട് മാർച്ചും നടത്തി. 

ചങ്ങനാശേരിയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് അപ്രതീക്ഷിതമായി അന്യ സംസ്ഥാന തൊഴിലാളികൾ സംഘടിച്ചത്. 20 മിനിട്ടുകൊണ്ട് മൂവായിരത്തോളം പേർ സംഘടിക്കാനിടയായതിന് പിന്നിൽ ഗൂഢാലോചനയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ നിന്നുൾപ്പെടെയുള്ള വോയ്സ് ക്ളിപ്പുകൾ തൊഴിലാളികളുടെ മൊബൈലിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ സംഘടിച്ച തൊഴിലാളികൾക്ക് യു.പിയിലേക്ക് യാത്ര സൗകര്യത്തിനായി ബസുകൾ ഏർപ്പാടായതുപോലെ കേരളത്തിൽ നിന്നും നാട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനത്തെ തുടർന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഇന്നലെ പായിപ്പാട്ടെത്തിയത്.

ഉത്തരേന്ത്യയിൽ പ്രതിഷേധത്തെ തുടർന്ന് തൊഴിലാളികൾക്ക് നാട്ടിലേക്ക് വാഹനങ്ങൾ ഒരുക്കിയതും ഇതിന്റെ ദൃശ്യങ്ങളും ഉൾപ്പെടെയാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാൽ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു ആഹ്വാനം.

ഇതാണ് രാജ്യത്തുടനീളം സമാന സമരങ്ങൾ സംഘടിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംശയിക്കാൻ കാരണം. ഡൽഹിയിൽ നിന്നെത്തിയ വോയ്സ് ക്ളിപ്പുകൾ അതിഥിതൊഴിലാളികളുടെ ഫോണുകളിൽ പരമാവധി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.പത്തനംതിട്ട ജില്ലയിൽ നിന്നുവരെ അതിഥി തൊഴിലാളികൾ ഇന്നലെ പായിപ്പാട്ടെത്തിയിരുന്നു. ഇത് തികച്ചും ആസൂത്രിതമാണെന്ന് പൊലീസ് സംശയിക്കുന്നു. 

കൊറോണ പ്രതിരോധ നടപടികളെ തകിടം മറിയ്ക്കും വിധം പതിനൊന്ന് മണിക്ക് പായിപ്പാട് തുടങ്ങിയ പ്രതിഷേധം പൊലീസ് നിർദേശം അവഗണിച്ചും മണിക്കൂറുകൾ നീണ്ടതും പ്രാദേശികമായ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് വഴങ്ങാതിരിക്കുകയും ചെയ്തതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് പൊലീസിന് തീർച്ചയാണ്. ഇത് കണ്ടെത്താനായി ഇന്നലെ പായിപ്പാട്ടെ ലേബർ ക്യാമ്പുകളിലെത്തി പരിശോധന നടത്തിയ പൊലീസ് ഭായിമാരിൽ ചിലരുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്കായി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.. ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കുന്നതോടെ ആസൂത്രകരെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.