‘രാജ്യത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ അത്ഭുതം തോന്നുന്നില്ല’; കാരണം വ്യക്തമാക്കി അഭിജിത് ബാനര്‍ജി

single-img
30 March 2020

രാജ്യമാകെ സമ്പൂർണ്ണ ലോക്ക് ഡൌൺ നിലവിൽ വന്നശേഷം ഉണ്ടായ പരിഭ്രാന്തി മൂലമാണ് രാജ്യത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനമെന്ന് നോബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അഭിജിത് ബാനര്‍ജി. രാജ്യമാകെ നടക്കുന്ന ഇതുപോലുള്ള കൂട്ട പലായനം കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നില്ലെന്നും അഭിജിത് ബാനര്‍ജി പറയുന്നു. ഈ പ്രതിസന്ധിയിൽ സ്വന്തം നാട്ടില്‍ കഴിയാനുള്ള സാഹചര്യങ്ങള്‍ കാണുമെന്ന ധാരണയിലാണ് അവർ ഇത്തരത്തില്‍ പോകുന്നത്.

ലോക്ക് ഡൌണ്‍ ഉള്ളപ്പോൾ അവര്‍ക്ക് സര്‍ക്കാര്‍ എന്ത് ഉറപ്പാണ് നല്‍കുന്നതെന്നതിനേക്കുറിച്ചുള്ള ധാരണ അവർക്ക് തന്നെ ഇല്ലാതെ പോകുന്നതും കൂട്ട പലായനത്തിന് കാരണമാകുന്നു. എല്ലാത്തിനും പുറമെ സാമ്പത്തിക സമ്മര്‍ദം ഈ അവസരത്തില്‍ സ്വാഭാവികമാണ്. ഇവർക്ക് തിരികെ വീടുകളില്‍ ചെന്നാല്‍ പറമ്പും ഇത്ര കാലം ജോലി ചെയ്തതിന്‍റെ കുറച്ച് കരുതല്‍ ധനവുമുണ്ടാകും . ഈ കാരണവും അവരെ പലായനത്തിന് പ്രേരിപ്പിക്കുന്നു.

തൊഴിലാളികൾ ഏറെയും നിര്‍മ്മാണ മേഖലയിലാണ് ഉള്ളത്. ഇപ്പോൾ രാജ്യമാകെ ആ മേഖലകള്‍ സ്തംഭിക്കുകയും ചെയ്തതോടെ തൊഴില്‍ ഇല്ലാത്ത അവസ്ഥയുമാണ്. എല്ലാത്തിനും പുറമെ അടിസ്ഥാന തലത്തില്‍ നിയമങ്ങളേക്കുറിച്ച് ധാരണ ഇല്ലാത്തതും അവര്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ശമ്പളം നല്‍കിയിരുന്ന സ്ഥാപനം പ്രവര്‍ത്തിച്ചില്ലെങ്കിലും അവര്‍ക്ക് ലോക്ക് ഡൌണ്‍ സമയത്ത് പണം കിട്ടുമെന്ന ഉറപ്പ് സര്‍ക്കാരിന്‍റേതാണെന്നും അവര്‍ക്ക് അറിയില്ല. അഭിജിത് ബാനര്‍ജി പറയുന്നു.