കേരളം നിങ്ങളെ സംരക്ഷിക്കും, കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴരുത്: അതിഥി തൊഴിലാളികൾക്ക് ശബ്ദസന്ദേശവുമായി ബംഗാൾ എംപി

single-img
30 March 2020

കേരളത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്നും പശ്ചിമബംഗാൾ എം.പി. മെഹുവ മൊയ്ത്ര. വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും തൃണമൂൽ കോൺഗ്രസ് എം.പി. റെക്കോർഡു ചെയ്തയച്ച സംഭാഷണത്തിൽ കേരളത്തിലുള്ള ബംഗാളികളായ അതിഥിത്തൊഴിലാളികളോട് അഭ്യർഥിച്ചു.

‘‘പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ… നമ്മൾ ഏറ്റവും കഠിനമായ ഒരു സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതിനൊന്നും നമ്മളാരും ഉത്തരവാദികളുമല്ല. ഈ ഘട്ടം അതിജീവിച്ചേ മതിയാവൂ. നിങ്ങൾ എല്ലാവരും ആശങ്കയിലാണെന്ന് എനിക്കറിയാം. ഇപ്പോൾ വീട്ടിലേയ്ക്കു തിരിച്ചുപോവുന്നതു പ്രയാസകരമാണ്. എല്ലാവരേയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുള്ള ഉറപ്പ്. എല്ലാവർക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴരുത്. നമ്മൾ ഇതൊക്കെ അതിജീവിക്കും’’- സന്ദേശത്തിൽ മൊയ്ത്ര പറയുന്നു. 

മോദി സർക്കാരിനെതിരെ പാർലമെൻ്റിൽ തീപ്പൊരി പ്രസംഗങ്ങളിലൂടെ ദേശീയശ്രദ്ധ നേടിയ യുവനേതാവാണ് മൊയ്ത്ര. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയായി കൂടിയാണ് മൊയ്ത്ര.