അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാർത്താ പ്രചാരണം; ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി പിടിയിൽ

single-img
30 March 2020

സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാര്‍ത്തപ്രചരിപ്പിച്ച സംഭവത്തില്‍ വീണ്ടും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായ ഷെരീഫ് ആണ് ഇന്ന് അറസ്റ്റിലായത്. തൊഴിലാളികള്‍ക്ക് കേരളത്തില്‍ നിന്നും നാട്ടിലേക്ക് പോവുന്നതിനായി നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ അനുവദിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം മലപ്പുറം എടവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷാക്കിര്‍ തുവ്വക്കാട് അറസ്റ്റിലായിരുന്നു.

ഇയാളെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഷെരിഫിനെ അറസ്റ്റ് ചെയ്തത്. ഷെരീഫ് ആവശ്യപ്പെട്ടതിനാലാണ് താന്‍ ഇത്തരത്തില്‍ ശബ്ദസന്ദേശം ഉണ്ടാക്കി പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഷാക്കിര്‍ പറഞ്ഞു എന്ന് പോലീസ് പറയുന്നു. ആവശ്യപ്രകാരം സ്വന്തം ശബ്ദത്തില്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ഇരുവരും ചേര്‍ന്ന് പ്രചരിപ്പിക്കുകയുമായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൊഴിയെ ശരിവെക്കുന്ന രീതിയില്‍ സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ട് ഷാക്കിറിന് അയച്ച മെസ്സേജ് ഷെരീഫിന്റെ ഫോണില്‍ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തു .കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാക്കിറിനെതിരെ ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് കേസ് എടുത്തത്.