അതിർത്തി തുറക്കാതെ കർണാടക; കാസർകോട് ചികിത്സ കിട്ടാതെ ഇന്ന് മരണപ്പെട്ടത് രണ്ടുപേർ

single-img
30 March 2020

ലോക്ക് ഡൌൺ വന്നപ്പോൾ കൊറോണ ഭീതിയിൽ അടച്ച അതിർത്തി കർണ്ണാടകം ഇനിയും തുറക്കാതെ വന്നതോടെ മംഗലാപുരത്ത് ചെന്ന് ചികിത്സ തേടാനാവാതെ കാസർകോട് ജില്ലയിൽ ഇന്ന് മരണപ്പെട്ടത് രണ്ടുപേരാണ്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ള മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്.

മംഗലാപുരം പോകാൻ സാധിക്കാതെ വന്നതിനാൽ അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. എന്നാൽ ഈ യാത്രയിൽ വഴിമധ്യേ ആംബുലൻസിൽ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം. അതേപോലെ ആയിഷയെ അത്യാസന്ന നിലയിൽ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. എന്നാൽ അത് സാധ്യമല്ലാത്തതിനാൽ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ ഉദുമയിൽ വച്ചാണ് വൈകിട്ട് അഞ്ചരയോടെ മരണം സംഭവിച്ചത്.