`രാജ്യം വീണ്ടും ബിജെപി ഭരിക്കുമെന്ന് കെ കെ ശെെലജ´: പായിപ്പാട്ട് വ്യാജപ്രചരണം നടത്തിയ കേസില്‍ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് വ്യാജ പ്രചരണങ്ങളുടെ തമ്പുരാൻ

single-img
30 March 2020

അന്തർ സംസ്ഥാന കുടിയേറ്റക്കാർക്ക് വീടുകളിലേക്ക് പോകാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍  അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഷാക്കിര്‍ (32) മുമ്പും വ്യാജപ്രചരണങ്ങൾ നടത്തിയ വ്യക്തി. മന്ത്രി കെ കെ ശൈലജയെ കുറച്ച് 2019 ലും ഇദ്ദേഹം വ്യാജ പ്രചരണം നടത്തിയിരുന്നു.  രാജ്യം വീണ്ടും ബിജെപി ഭരിക്കും എന്ന് ഒരു പൊതുയോഗത്തിൽ മന്ത്രി പറഞ്ഞതായിട്ടാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 

2019 മെയ് 31ലെ ഇയാളുടെ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ രാജ്യം വീണ്ടും ബിജെപി തന്നെ ഭരിക്കും എന്നു പറഞ്ഞതായിട്ടാണ് ഇയാൾ ഫോട്ടോഷോപ്പിലൂടെ പോസ്റ്റ് സൃഷ്ടിച്ചത്. എന്നാൽ ഇതോടൊപ്പം ഉള്ള ഒരു വാർത്ത ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. 

ടീച്ചറമ്മ ടീച്ചറമ്മയാണ് താരം. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ആഗ്രഹം സഫലമായി- എന്നു പറഞ്ഞുകൊണ്ടാണ് ഇയാൾ പോസ്റ്റിലൂടെ പ്രതികരിച്ചത്. എന്നാൽ ഇത് വ്യാജ വാർത്തയാണ് എന്നും മന്ത്രി അത്തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി നിരവധിപേർ പോസ്റ്റിനു താഴെ കമൻറ് ചെയ്തിട്ടുണ്ട്. 

#ടീച്ചറമ്മ ടീച്ചറമ്മയാണ് താരം##ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ആഗ്രഹം സഫലമായി……

Posted by Shakir Pk on Thursday, May 30, 2019

തിങ്കളാഴ്ച രാത്രി അതിഥിതൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാൾ  പ്രചരിപ്പിച്ചത്. വാടസ്ആപ്പിലൂടെ ശബ്ദ സന്ദേശമായാണ് വിവരം പ്രചരിപ്പിച്ചത്.

മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം അറിയിച്ചത്. പ്രചരിച്ച വാർത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മറ്റെരാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.