യു എസിൽ കഴിയുന്ന ഹാരി രാജകുമാരനോടും ഭാര്യ മേഗനോടും സുരക്ഷാ ചെലവുകൾ സ്വയം വഹിക്കണമെന്ന് ട്രംപ്

single-img
30 March 2020

അമേരിക്കയിൽ കഴിയുന്ന ഹാരി രാജകുമാരനോടും ഭാര്യ മേഗനോടും സുരക്ഷാ ചെലവുകൾ സ്വയം വഹിക്കാനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം സൂചിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. നിലവിൽ യുഎസിലെ ലോസ് ആഞ്ചലസിലാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും താമസിക്കുന്നത്.

ഞാൻ ബ്രിട്ടിഷ് രാജ്ഞിയുടെയും യുകെയുടേയും തികഞ്ഞ സുഹൃത്തും ആരാധകനുമാണ്. എങ്കിലും ഇപ്പോൾ യുഎസിലുള്ള ഹാരിയുടേയും മേഗന്റെയും സുരക്ഷയ്ക്കു യുഎസ് പണം നൽകില്ല. അവർ തന്നെ നൽകണം.’ – ട്രംപ് ട്വിറ്ററിൽ കുറിച്ചു.

കാനഡയിൽ കഴിയുകയായിരുന്ന രാജകുമാരനും ഭാര്യയും കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് താമസം മാറിയത്. അതിർത്തി അടയ്ക്കുന്നതിനു മുൻപു സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇരുവരും എത്തിയത്. മേഗന്റെ അമ്മ ലൊസാഞ്ചലസിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ജനുവരിയിലാണ് ബ്രിട്ടിഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും രാജകീയചുമതലകളിൽ നിന്ന് ഒഴിയുന്നതായി അറിയിച്ചത്. രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും ഹാരി പറഞ്ഞിരുന്നു.