പായിപ്പാട് അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് നിഗമനം; സോഷ്യൽ മീഡിയ നിരീക്ഷിക്കാന്‍ പോലീസ്

single-img
29 March 2020

ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ പാടെ ലംഘിച്ചുകൊണ്ട് നിരവധി അതിഥി തൊഴിലാളികൾ കോട്ടയം ജില്ലയിലെ പായിപ്പാട് നടത്തിയ പ്രതിഷേധം ആസൂത്രിതമാണെന്ന നിഗമനത്തിന് പിന്നാലെ പോലീസ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. പ്രതിഷേധത്തിന്റെ ഉറവിടം എവിടെനിന്നാണ് എന്ന് കണ്ടെത്താനാണ് നീക്കം. അതേസമയം ചെറിയ രീതിയിൽ പ്രതിഷേധം ഉടലെടുത്ത പെരുമ്പാവൂരിൽ പോലീസ് സംഘം റൂട്ട് മാർച്ച് നടത്തുകയും ബോധവത്കരണവും നൽകുകയും ചെയ്തു.

അതേസമയം തന്നെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവരോട് താമസ സ്ഥലം ഒഴിയാൻ നിർദ്ദേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പലായനം അനുവദിക്കരുതെന്നും കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്. പെരുമ്പാവൂരിലെ പ്രത്യേക സാഹചര്യത്തിൽ എറണാകുളത്ത് മന്ത്രി വിഎസ് സുനിൽകുമാർ സ്ഥിതി വിലിയിരുത്തി.

പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. അതിഥി സംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പുകളിൽ പോലീസുദ്യോഗസ്ഥർ സന്ദർശിക്കും. ഇവർക്ക് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണം നൽകാൻ പൊലീസ് സഹായിക്കും.