പത്തനംതിട്ട ജില്ലയില്‍ നിന്നുവരെ തൊഴിലാളികള്‍ എത്തി; പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം: മന്ത്രി പി തിലോത്തമന്‍

single-img
29 March 2020

ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് കോട്ടയം ജില്ലയിലെ പായിപ്പാട് ഇന്ന് അതിഥി തൊഴിലാളികൾ സംഘടിച്ചുപ്രതിഷേധിച്ചത് ആസൂത്രിതമാണെന്ന് മന്ത്രി പി.തിലോത്തമന്‍. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെ അവിടേക്കെത്തി. എങ്ങിനെയാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത് എന്ന കാര്യം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നൽകിയാതായി മന്ത്രി പറഞ്ഞു.

അവിടെ കൂടിയ തൊഴിലാളികളുടെ പ്രധാന ആവശ്യം നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യം വേണമെന്നതായിരുന്നു. നിലവിലെ സാഹചര്യത്തിൽ അത് സാധിക്കില്ലെന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും അവരോട് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ക്യാംപുകളിലേക്ക് ഉദ്യോഗസ്ഥരെ ഉടൻ അയക്കും.

അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ മനസിലാക്കി ഉദ്യോഗസ്ഥർ തിരിച്ചു വന്ന ശേഷം മാത്രമേ ചങ്ങനാശേരിയിൽ നിന്ന് താൻ മടങ്ങുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികൾ ആവശ്യപ്പെട്ടാൽ അവരുടെ രീതിയിൽ ഭക്ഷണം നൽകണമെങ്കിൽ അതും ചെയ്തു നൽകുമെന്ന് മന്ത്രി പറഞ്ഞു. ഉന്നത യോഗത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ തഹസിൽദാറും കലക്ടറും നേരിട്ടു സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിച്ചപ്പോഴൊന്നും അവർ ഒരു പരാതിയും പറഞ്ഞിരുന്നില്ല.

പക്ഷെ പ്രകോപനമില്ലാതെ ഞായറാഴ്ച പെട്ടെന്ന് അവർ സംഘടിച്ചത് ആസൂത്രിതമായിട്ടാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേരളത്തിൽ നിന്നും നിലവിൽ ഇതര സംസ്ഥാനതൊഴിലാളികളെ നാട്ടിലേക്ക് അയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ എഴുതി.

നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യുന്നത് കോവിഡ് പ്രതിരോധ നടപടികളെ അട്ടിമറിക്കും. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.