ലോക്ക് ഡൌണ്‍ ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് മഹാ ദുരന്തത്തിലേക്ക്; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

single-img
29 March 2020

കൊറോണ വൈറസ് വ്യാപനത്തെ തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നടപടിക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.

ഇപ്പോഴുള്ള ഈ ലോക്ക്ഡൗണ്‍ ആളുകള്‍ക്കിടയില്‍ ആശങ്കയും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. തന്റെ കത്തിലൂടെ രോഗത്തിന്റെ വ്യാപ്തിയെ നേരിടാന്‍ ലോക്ക്ഡൗണ്‍ ഒഴികെയുള്ള മാര്‍ഗങ്ങള്‍ തേടുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും സ്ഥിതി ഒരുപോലെയല്ല എന്നും ലോക്ക്ഡൗണ്‍ എന്ന ആശയം പിന്തുടരുന്ന വലിയ രാജ്യങ്ങളെ അപേക്ഷിച്ച് മറ്റ് നടപടികള്‍ നമ്മുടെ രാജ്യം ചെയ്യേണ്ടതുണ്ട് എന്നും രാഹുലിന്റെ കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ എല്ലാ പ്രവര്‍ത്തനങ്ങളും ഒറ്റയടിക്ക് അടച്ചുപൂട്ടുന്നത് ദരിദ്രരുടെ എണ്ണം കൂടുന്നതിലേക്കാണ് വഴിവെക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഏർപ്പെടുത്തിയ പൂർണ്ണമായ സാമ്പത്തിക അടച്ചുപൂട്ടലിന്റെ അനന്തര ഫലങ്ങള്‍ കൊറോണ മൂലമുണ്ടാകുന്ന മരണസംഖ്യയേക്കാള്‍ വലുതായിരിക്കുമെന്ന ഭയവും രാഹുല്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഒറ്റ ദിവസംകൊണ്ട് രാജ്യത്തെ ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും അടച്ചുപൂട്ടി. ആശങ്കയെ തുടർന്ന് പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടി ദുഷ്‌കരമായ യാത്രകളാണ് നടത്തുന്നത്. ഇവരാകട്ടെ ദിവസക്കൂലിയോ അടിസ്ഥാന ഭക്ഷണമോ പോഷകാഹാരമോ ലഭിക്കാതെ ഇപ്പോള്‍ത്തന്നെ ദുര്‍ബലരായിക്കഴിഞ്ഞവരാണെന്നും രാഹുൽ പറയുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയെ മഹാ ദുരന്തത്തിലേക്കാവും നയിക്കുക. ജനങ്ങൾ കടന്നുപോകുന്ന സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് അതി സൂക്ഷ്മമായ സമീപനമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.