കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; അഗ്‌നിരക്ഷാസേനാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

single-img
29 March 2020

സംസ്ഥാനത്തെ കൊവിഡ് വൈറസ് വ്യാപന പ്രതിരോധനടപടികളില്‍ വ്യാപൃതരായിരിക്കുന്ന അഗ്‌നിരക്ഷാസേനാ വിഭാഗത്തിലെ അടിസ്ഥാനവിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും അഗ്‌നിരക്ഷാ സേനാ വിഭാഗം ഡയറക്ടര്‍ ജനറലും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം അടുത്ത മൂന്നാഴ്ചയ്ക്കകം ഇരുകൂട്ടരും റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വൈറസ് വ്യാപനത്തിനെതിരെ അണുനശീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഗ്‌നിരക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാനടപടികള്‍ അനുവദിക്കുന്നില്ലെന്ന പരാതിയിലാണ് ഈ നടപടി.

കേരളമാകെ അടിസ്ഥാനവിഭാഗം ജീവനക്കാര്‍ മാര്‍ച്ച് 22 മുതല്‍ ബസ് സ്റ്റാന്റ്, കൊവിഡ് ബാധിതര്‍ എത്തിയിട്ടുള്ള ആശുപത്രികള്‍, ചന്തകള്‍, മാവേലി സ്റ്റോറുകള്‍, ഓഫിസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇത്തരം സ്ഥലങ്ങള്‍ ശുചീകരണം നടത്തേണ്ടത് എങ്ങനെയാണെന്നോ ആ സമയം എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നോ ഉള്ള മാര്‍ഗനിര്‍ദ്ദേശം മേലധികാരികള്‍ നല്‍കുന്നില്ല. ജീവനക്കാര്‍ക്ക് മാസ്‌ക്കും ഗ്ലൗസും അനുവദിക്കാറില്ല. അതേസമയം ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോടെ ജോലിചെയ്യാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.