കുട്ടി മരിച്ചെന്നു പറഞ്ഞ് പറമ്പിൽ കുഴിയെടുത്ത് യുവാവ്: മദ്യമില്ലാത്ത കേരളത്തിൻ്റെ അവസ്ഥ

single-img
29 March 2020

കോഴിക്കോട് മാങ്കാവിൽ കുട്ടി മരിച്ചെന്ന് പറഞ്ഞു യുവാവ് പറമ്പിൽ കുഴിയെടുത്ത സംഭവം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മാങ്കാവ് സ്വദേശിയായ യുവാവാണ് കുട്ടി മരിച്ചെന്ന് പറഞ്ഞ് പറമ്പിൽ കുഴിയെടുത്തത്. മദ്യം ലഭിക്കാത്തതിൽ രണ്ടുദിവസമായി വിഭ്രാന്തിയിലായിരുന്നു യുവാവ് എന്നാണ്  സമീപവാസികൾ പറയുന്നത്. 

നാട്ടുകാർ സംഭവം അറിയിച്ചതിനെ തുടർന്ന് കസബ പൊലീസ് സ്ഥലത്ത് എത്തുകയും യുവാവിന് ആവശ്യമായ മരുന്ന് നൽകിയശേഷം വീട്ടിലെത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചശേഷം യുവാവ് വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം മാങ്കാവ് കൽപക തിയേറ്ററിന് സമീപത്തെ വീട്ടിൽ ഒരു കുട്ടി മരിച്ചുകിടക്കുന്നുണ്ടെന്നും പറഞ്ഞ് ബഹളമുണ്ടാക്കി പറമ്പിൽ കുഴിയെടുക്കാൻ തുടങ്ങിയത്. 

ഇതോടെയാണ് പരിഭ്രാന്തരായ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചത്. അതിനുശേഷം മദ്യാസക്തിയുള്ള ആറുപേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. വിഭ്രാന്തിയിലായ മറ്റൊരാളെ ആലപ്പുഴയിൽ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. 

വരുംദിവസങ്ങളിലും വിടുതൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് കേരള എക്സൈസ് വിഭാഗത്തിലെ വിമുക്തി അധികൃതർ പറയുന്നത്.