സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 20 പേര്‍ക്ക്; കേരളത്തിലാകെ 1,41,211 പേര്‍ നിരീക്ഷണത്തില്‍

single-img
29 March 2020

സംസ്ഥാനത്താകെ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവര്‍ യഥാക്രമം കണ്ണൂര്‍ ജില്ലയില്‍ 8 ,കാസർകോട് ജില്ലയില്‍ 7,തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 1 എന്നിങ്ങിനെയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്.

2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചിട്ടുണ്ട്. ഇന്നത്തേതില്‍ തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. അതേസമയം എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ നിലവില്‍ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്താകെ 202 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 181 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കേരളത്തിലാകെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്.

ഇത്തരത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലുമാണ് ഉള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 5518 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.