കനിക കപൂറിൻ്റെ നാലാം പരിശോധന ഫലവും പോസിറ്റീവ്: മരുന്നുകളോട് പ്രതികരിക്കുന്നില്ല

single-img
29 March 2020

ബോളിവുഡ് ഗായിക കനിക കപൂറിന്റെ നാലാം പരിശോധന ഫലം പോസിറ്റീവ്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിൻ്റെ കുടുംബം ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

‘ലോക്ക് ഡൗണില്‍ ഞങ്ങള്‍ നിസ്സഹായരാണ്, എല്ലാവരും പ്രാര്‍ഥിക്കുക’ കനികയുടെ കുടുംബാംഗങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ അവര്‍ പങ്കെടുത്തിരുന്നു. കനികയുടെ പിതാവ് വെളിപ്പെടുത്തിയതനുസരിച്ച ഇവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി അറിയാന്‍ കഴിഞ്ഞു. ഒരു പാര്‍ട്ടിയില്‍ ഗ്ലൗസ് ധരിച്ചാണ് പോയതെന്നും ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

രോഗലക്ഷണങ്ങളുമായി പലപൊതുപരിപാടികളിലും പങ്കെടുത്തതിന് കനിക കപൂറിനെതിരേ പോലീസ് കേസുമുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം. 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.