ആവണിപ്പാറയിലെ ഗിരിജൻ കോളനിയിൽ കൈത്താങ്ങുമായി നേരിട്ടെത്തിയത് കളക്ടറും എംഎൽഎയും

single-img
29 March 2020

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുന്ന 21 ദിവസത്തേക്ക് വീട്ടിൽ തന്നെ ഇരിക്കണമെന്നാണ് ജനങ്ങൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. വീട്ടിലിരിക്കുന്ന ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ഉറപ്പുവരുത്താൻ പരിശ്രമിക്കുകയാണ് സംസ്ഥാനത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

പത്തനംതിട്ടയിൽ അരിയും സാധനങ്ങളും ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആവശ്യവസ്തുകള്‍ നേരിട്ട് എത്തിച്ചത് എംഎല്‍എയും കല്‌കടറും ചേർന്നാണ്.. കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറും, പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹും ചേര്‍ന്നാണ് അച്ചന്‍കോവിലാര്‍ മുറിച്ച്‌ കടന്ന് ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്.

കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായാണ് എംഎല്‍എയും കലക്ടറും അച്ചന്‍കോവില്‍ ആറിനു കുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്ന് ആദിവാസി കോളനിയിലെത്തി വിതരണം ചെയ്തത്. ജനമൈത്രി പോലീസ് സ്‌റ്റേഷനും കോന്നി ഡിവൈഎഫ്‌ഐയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്.

കോളനിയിലെ ചില വീടുകളില്‍ കുട്ടികള്‍ക്ക് പനി ബാധ ഉള്ളതായി പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തെ വരുത്തി പരിശോധന നടത്തി ആവശ്യമായ മരുന്നും വിതരണം ചെയ്ത ശേഷമാണ് കളക്ടറും എംഎല്‍എയും മടങ്ങിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടിനുള്ളിലിരിക്കുന്ന ആളുകള്‍ക്ക് ടെലഫോണില്‍ ആവശ്യപ്പെട്ടാല്‍ നിത്യോപയോഗ സാധനങ്ങള്‍, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളന്റിയര്‍മാര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്കുന്നതിന് നടപ്പിലാക്കിയ പദ്ധതിയാണ് കൈത്താങ്ങ്.