കൊറോണയെ പിടിച്ചുകെട്ടി ഈ ഗൾഫ് രാജ്യം: പകുതിയിലധികം പേരും രോഗവിമുക്തരായി

single-img
29 March 2020

കൊറോണ വെെറസിൻ്റെ ഭീതിജനകമായ വ്യാപനത്തിനിടയിൽ  കടുത്ത നിയന്ത്രണങ്ങളുമായി അതിൽ നിന്നും കരകയറി ഒരു ഗൾഫ് രാജ്യം. ബഹ്റൈനിൽ കൊറോണ ബാധിച്ചവരിൽ പകുതിയിലധികം പേരും സുഖംപ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിൽ മറ്റൊരിടത്തും ഇത്രയും പേർ രോഗവിമുക്തരായിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള മികച്ച ചികിത്സ നൽകിയതാണ് കൂടുതൽ പേർ രോഗമുക്തി നേടിയതിനുപിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഫെബ്രുവരി 24നാണ് ബഹ്റൈനിൽ ആദ്യ കൊറോണ സ്ഥിരീകരിച്ചത്. ഇറാനിൽനിന്ന് എത്തിയ സ്‌കൂൾ ബസ് ഡ്രൈവർക്കാണ് രോഗം കണ്ടെത്തിയത്. ഗൾഫിലെ ആദ്യ കേസായിരുന്നു.തുടർന്ന് ആരോഗ്യ മന്ത്രാലയവും നാഷണൽ ടാസ്‌ക് ഫോഴ്സും സജീവമായി രംഗത്തെത്തി. 

വിദ്യാലയങ്ങൾക്ക് അവധി നൽകുന്നതുൾപ്പെടെ നടപടികൾ ഉടൻ സ്വീകരിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിലും ബഹ്റൈൻ മുന്നിലാണ്. ഇതുവരെ 31,321 പേരെയാണ് പരിശോധിച്ചത്.

ബഹ്റൈനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 476 ആണ്. ഇതിൽ 265 പേരാണ് സുഖം പ്രാപിച്ചത്. 55.67 ശതമാനം പേർ രോഗമുക്തി നേടി.സൗദിയിൽ 1104ൽ 35 പേരും (3.17 ശതമാനം) യു.എ.ഇയിൽ 405ൽ 55 പേരും (13.58 ശതമാനം) ഒമാനിൽ 152ൽ 23 പേരും (15.13 ശതമാനം) കുവൈറ്റിൽ 235ൽ 64 പേരും (27.23 ശതമാനം) ഖത്തറിൽ 562ൽ 43 പേരും (7.65 ശതമാനം) ആണ് സുഖം പ്രാപിച്ചത്. 

ആഗോളതലത്തിൽ 22 ശതമാനത്തോളമാണ് ഇതുവരെ സുഖം പ്രാപിച്ചത്. 4.58 ശതമാനമാണ് മരണ നിരക്ക്.