കോവിഡ് മരണതാണ്ഡവം തുടരുന്നു: അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണാതീതം

single-img
29 March 2020

കോവിഡ് രോ​ഗബാധ  ലോകത്തെ വിറപ്പിച്ച് പടരുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ലോകത്ത് മരണസംഖ്യ 30,851ആയി. കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. ഇതുവരെ 6,62,543 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ മരണം 2000 കടന്നു. ഇതുവരെ 2211 പേരാണ് മരിച്ചത്. രോ​ഗം ബാധിച്ചത് 1,23,313 പേർക്കാണ്.

 ഇന്നലെ മാത്രം 19,187 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 515 പേരാണ് ഇന്നലെ യുഎസിൽ മരിച്ചത്. ന്യൂയോർക്കിൽ മാത്രം അരലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട്. 

ഇറ്റലിയിൽ കോവിഡ് മരണം പതിനായിരം കടന്നു.  10,023 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 889 ആളുകളാണ്. സ്പെയിനിൽ 5982 പേരും, ഫ്രാൻസിൽ 2314 പേരും, ഇറാനിൽ 2517 പേരും, ചൈനയിൽ 3300 പേരും മരിച്ചു. 

ഇതുവരെ രോ​ഗം ഭേദമായവർ 1,41,951പേരാണ്. അമേരിക്കയിൽ രോ​ഗവ്യാപനം ഈ നിലയിൽ തുടർന്നാൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു.