ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കാം; വാഗ്ദാനവുമായി ചൈന

single-img
29 March 2020

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിവേഗത്തിലുള്ള ആശുപത്രി നിര്‍മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന വാഗ്ദാനവുമായി ചൈന. രോഗം ആദ്യം പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ കേവലം ഒരാഴ്ച കൊണ്ട് ചൈന കൂറ്റൻ ആശുപത്രി നിര്‍മിച്ചത് വാര്‍ത്തയായിരുന്നു. അതെ മാതൃകയില്‍ തന്നെ ആവശ്യമെങ്കില്‍ ഇന്ത്യയിലും നിര്‍മാണം നടത്താൻ തയ്യാറാണെന്നാണ് ചൈന ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

ഇന്ത്യാ സര്‍ക്കാര്‍ ഈ കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ സഹായം നല്‍കാൻ സന്നദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ തന്നെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ സഹായിക്കുന്നുണ്ട്.

ഇതിലേക്ക് ഇനിയും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചാല്‍ നിലവില്‍ ഇന്ത്യയില്‍ വിവിധ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് കമ്പനികള്‍ ആശുപത്രികള്‍ നിര്‍മിക്കാൻ സഹായിക്കുമെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ഗവേഷണത്തിലടക്കം ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കണമെന്നാണ് ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലെ ആവശ്യങ്ങള്‍.