ഒരിക്കല്‍ രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊറോണ; ഭീതിയുടെ വാര്‍ത്തകളുമായി വീണ്ടും വുഹാന്‍

single-img
28 March 2020

ലോകത്താദ്യമായി കോവിഡ് 19 വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാന്‍ ക്രമേണ തിരിച്ചുവരുമ്പോഴും ഭീതി പൂർണ്ണമായും മാറുന്നില്ല. ഏതാനും ദിവസങ്ങളായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഇവിടെനിന്നും ഇപ്പോൾ വരുന്നത് ഒരിക്കൽ രോഗം ഭേദമായ 10 ശതമാനം പേര്‍ക്കും വീണ്ടും വൈറസ് ബാധയുണ്ടായതായാണ്.

ചൈനയിൽ നിന്നുള്ള മാധ്യമങ്ങൾ തന്നെയാണ് ഈ വിവരം വാർത്തയാക്കിയത്. അതേസമയം ഒരിക്കൽ രോഗം ഭേദമായവര്‍ക്ക് വീണ്ടും എങ്ങിനെയാണ് അസുഖം അറിയില്ലെന്ന് ടോങ്ജി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരിൽ നടത്തിയ ലാബ് ടെസ്റ്റുകളിലും കുടുംബാംഗങ്ങളെ നിരീക്ഷിച്ചപ്പോഴും സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരിക്കൽ രോഗം ഭേദമായ 147 പേരില്‍ അഞ്ച് പേര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായാണ് ഇവിടെനിന്നുള്ള ഈആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. നഗരത്തിൽ കഴിഞ്ഞ വർഷം ഡിംസബര്‍ അവസാനത്തോടെയാണ് കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. വൈറസ് ബാധയുണ്ടായ 90 ശതമാനം പേരുടെയും രോഗം ഭേദമായിരുന്നു.

ഇതുവരെ ചൈനയില്‍ 81,000 കോവിഡ് കേസുകളും 3,200 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഇപ്പോൾ വീണ്ടും പോസിറ്റീവ് ആയ അഞ്ച് രോഗികൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അവരുടെ അടുത്ത ബന്ധങ്ങളിലൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് ടോങ്ജി ആശുപത്രി പ്രസിഡന്റ് വാങ് വെയ് പറഞ്ഞു.