ജീവൻ വച്ചുള്ള കളിയാണ് അമേരിക്കയിൽ നടക്കുന്നത്; കൊറോണ മരണം വിതക്കുമ്പോൾ ഫ്ളോറിഡയിലെ ബീച്ചുകളിൽ ഇപ്പോഴും ജനങ്ങൾ ഉല്ലസിക്കുന്നു: മികച്ച ആരോഗ്യരംഗം എന്നുള്ളത് ഊതിവീർപ്പിച്ച ബലൂൺ

single-img
28 March 2020

അമേരിക്കൻ ആരോഗ്യ രംഗത്തെ നിലവിലെ അവസ്ഥ തുറന്നുകാട്ടി  പത്തനംതിട്ട സ്വദേശിയും ഷിക്കാഗോ ഡയറക്ടർ ഓഫ് തെറപ്പി സർവീസസിലെ അംഗവുമായ വിൽസൺ ജോൺ  രംഗത്ത്. അമേരിക്കയിലെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് മലയാള മനോരമ ദിനപത്രത്തിനു നൽകിയ പ്രതികരണത്തിലാണ് കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നത്. 

അദ്ദേഹം പറയുന്നത് ഇങ്ങനെ:

ഏറ്റവും വികസിത സാഹചര്യങ്ങളുണ്ടെന്ന് അഭിമാനിക്കുന്ന യുഎസ്, കോവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിലെത്തിയത് ലോകത്തെ അമ്പരപ്പിക്കുന്നുണ്ടാവും! സാമൂഹിക അകലം പാലിക്കുന്നതിലെ അലംഭാവം, സമ്പദ്ഘടനയുടെ താളം തെറ്റുമോ എന്നു ഭയന്നുള്ള സർക്കാരിന്റെ മെല്ലെപ്പോക്ക് തുടങ്ങിയവയാണ് അതിലേക്ക് എത്തിച്ചത്. 

മരണസംഖ്യയും രോഗികളുടെ എണ്ണവും ഇത്രയേറെ കൂടിയിട്ടും സാമൂഹിക അകലം ഉറപ്പാക്കുന്ന കാര്യത്തിൽ പലരും ഇപ്പോഴും ശ്രദ്ധിക്കുന്നില്ല. 33 സംസ്ഥാനങ്ങൾ ലോക്ഡൗൺ ചെയ്തെങ്കിലും പല സംസ്ഥാനങ്ങളും അവരവരുടെ രീതിയിലാണതു നടപ്പാക്കുന്നത്. ചിലയിടത്ത് ഇനിയും നടപ്പാക്കിയിട്ടുമില്ല.

ഷിക്കാഗോ ഉൾപ്പെടുന്ന ഇല്ലിനോയ് സംസ്ഥാനം 21 മുതൽ ലോക്‌ഡൗണിലാണ്. പ്രവർത്തനാനുമതി അവശ്യ സർവീസുകൾക്കു മാത്രം. മെഡിക്കൽ സർവീസ്, ബാങ്ക്, ഇന്ധനവിതരണം, മദ്യക്കടകൾ, പ്ലമിങ് – ഹീറ്റിങ് സർവീസുകൾ, റസ്റ്ററന്റ് (പാഴ്സൽ സർവീസ് മാത്രം) എന്നിവയാണു പ്രധാനമായും പ്രവർത്തിക്കുന്നത്.‌ ആരാധനാലയങ്ങളും അടച്ചു. എന്നാൽ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ബീച്ചുകളിൽ ജനക്കൂട്ടത്തിനു കുറവൊന്നുമില്ലെന്ന് അവിടെ നിന്നുള്ള സഹപ്രവർത്തകർ പറയുന്നു.

പുറത്തുവരുന്ന കണക്കിനെക്കാൾ അധികമായിരിക്കും രോഗികളുടെ എണ്ണമെന്നു സംശയിക്കാം. കടുത്ത പനിയോ ചുമയോ വന്നാലും കൊറോണ വൈറസ് ടെസ്റ്റ് നടത്താൻ സാധാരണക്കാരനു മാർഗമില്ല. പനിയും ചുമയും വന്നാൽ ആദ്യം ഡോക്ടറെ വിളിക്കണം. നഴ്സ്, നഴ്സ് പ്രാക്ടീഷ്ണർ എന്നിവർ ആദ്യഘട്ട വിവരങ്ങൾ രേഖപ്പെടുത്തും.

വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് അവരാണു തീരുമാനിക്കുന്നത്. പെട്ടെന്നു വൈദ്യസഹായം ആവശ്യമില്ലെന്ന് അവർക്കു തോന്നിയാൽ, ചുമയ്ക്കും പനിക്കുമുള്ള മരുന്നു കഴിച്ച് വീട്ടിൽത്തന്നെ ഇരിക്കണമെന്നു പറയും.  ഈ ദിവസങ്ങളിൽ ശരീര താപനില കൂടിയാൽ ഡോക്ടറെ വീണ്ടും വിളിക്കണം. അപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യാൻ നിർദേശിക്കും. പരിശോധനാ ഫലം കിട്ടാൻ വീണ്ടും ഒരാഴ്ച. 

അത്ര കേമമല്ല ആരോഗ്യരംഗം. പിപിഇ അഥവാ പഴ്സനൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആരോഗ്യരംഗത്തു പ്രവർത്തിച്ചിരുന്നവർ മാത്രം ഉപയോഗിച്ചിരുന്ന ഇത്തരം ഉൽപന്നങ്ങൾ സാധാരണക്കാരും വൻതോതിൽ വാങ്ങുന്നുവെന്നത് അവയുടെ ദൗർലഭ്യം കൂട്ടുന്നു. ഒരു സാധനവും രണ്ടിൽ കൂടുതൽ വാങ്ങരുതെന്നു കടകളിൽ എഴുതിവച്ചിട്ടുണ്ട്. 

രാജ്യത്തെ 32.82 കോടി ജനങ്ങളിൽ 17 ശതമാനവും 65നു മുകളിൽ പ്രായമുള്ളവരാണ്. ഇപ്പോൾ കോവിഡ് ബാധിച്ചിരിക്കുന്നവരിൽ 31 ശതമാനം പേർ  65നു മുകളിൽ പ്രായമുള്ളവർ തന്നെ. പകുതിയോളം പേരെ ഐസിയുവിലാക്കേണ്ടിവന്നു. എന്നാൽ, 20 നും 44 നും ഇടയിൽ പ്രായമുള്ള രോഗികളിൽ 2% പേർക്കു മാത്രമേ ഐസിയു ആവശ്യമായി വന്നുള്ളൂ. 

കോവി‍ഡ് മുൻകരുതലെടുക്കാൻ യുഎസ് സർക്കാർ വൈകിയെന്നു ഞാൻ കരുതുന്നു. സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണു പ്രധാന കാരണം. തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ വളരെ ഉയർന്നു നി‍ൽക്കുന്നു. അമേരിക്കയിൽ ജോലി ചെയ്യുന്ന മണിക്കൂറുകൾക്കാണു വേതനം. അതായത് ജോലിയില്ലെങ്കിൽ വരുമാനവുമില്ല. 

അതിനാൽ, ലോക്‌ഡൗൺ സാമ്പത്തികനില കൂടുതൽ വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ടാവണം, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം മറികടന്ന് ഏപ്രിൽ 12നു തന്നെ ലോക്ഡൗൺ അവസാനിപ്പിക്കുമെന്നു പ്രസിഡന്റ് പറയുന്നത്. ജനങ്ങളുടെ ജീവനെക്കാൾ പ്രാധാന്യം സമ്പദ്ഘടനയുടെ ആരോഗ്യത്തിനു കൊടുക്കുകയെന്ന സമീപനം സർക്കാരിനു തുടാനാകുമോ എന്ന് കാത്തിരുന്നു കാണാം. സർക്കാർ ഒരാൾക്ക് 1200 ഡോളർ (ഏകദേശം 90,000 രൂപ) സഹായം പ്രഖ്യാപിച്ചത് നല്ലതു തന്നെ.

കടപ്പാട്: മലയാള മനോരമ