പൊലീസ് മോശമായ ഭാഷകൾ ഉപയോഗിക്കുന്നതിലും അവയവങ്ങൾക്ക് പരുക്കേൽക്കാത്ത രീതിയിൽ തല്ലുന്നതിലും കുഴപ്പമില്ല: സുരേഷ്ഗോപി

single-img
28 March 2020

കേരളത്തിൽ കോവിഡ് ഭീതിയുടെ അന്തരീക്ഷം വിതയ്ക്കുമ്പോൾ അത് നിയന്ത്രിക്കാനുളള പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്ന് വ്യക്തമാക്കി നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ലെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

മനോരമാ ന്യൂസ് ചര്‍ച്ചയിലാണ് സുരേഷ് ഗോപി എം.പി ഇത്തരത്തിൽ പ്രതികരിച്ചത്. മോശമായ ഭാഷകൾ ഉപയോഗിക്കുവാനും ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. 

`തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം.’- സുരേഷ്ഗോപി പറയുന്നു. 

കൊല്ലത്ത് പഴം വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ പൊലീസ് സുരേഷ് ഗോപി കളിക്കുന്നുവെന്നും ഭരത് ചന്ദ്രന്‍ കളിക്കുന്നുവെന്നുമൊക്കെ വിമര്‍ശനത്തിന് ഇടയാക്കിയെന്ന ചോദ്യത്തിന് ഇത് പറയുന്നവരുടെ കരണം അടിച്ച് പൊളിക്കണമെന്നായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്. 

‘രോഗം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സാഹചര്യമാണിത്. ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു വാണിങ് തന്നെയാണ്. ഇങ്ങനെ വാണിങ് നല്‍കാനുള്ള അവകാശം എനിക്കുമുണ്ട്.´- സുരേഷ് ഗോപി പറയുന്നു. 

എല്ലാവരും പൊലീസ് സേനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും ലണ്ടനില്‍ നിന്ന് വന്ന മകന്‍ ഐസലേഷനിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് ഒറ്റ രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലില്‍ പിടിച്ച് അപേക്ഷിക്കുകയാണ്. ലോകസമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെ ആകണം ലോക്കൗട്ടെന്നും സുരേഷ്ഗോപി വ്യക്തമാക്കി. 

‘ഭരണകര്‍ത്താക്കളുടെ കയ്യിലാണ് പൊലീസിന്റെ കടിഞ്ഞാണ്‍. എപ്പോൾ അവരെ അയച്ചു വിടണം, എപ്പോൾ അവരെ കെട്ടണം എന്ന് അവർക്ക് നന്നായി അറിയാം. പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ. പൊലീസ് സേനയോട് എപ്പോഴും ബഹുമാനമുണ്ട്. പൊലിസിങ് ഒരു മനസ്ഥിതിയാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കണം. യാത്രകള്‍ സ്വയം നിയന്ത്രിക്കാന്‍ ആളുകള്‍ തയ്യാറാകണം. പൊലീസുകാരെ നമിക്കുകയാണ്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കലക്ടര്‍മാരെയും ആദരവ് അറിയിക്കുകയാണ്. വയനാട് കലക്ടർ, കാസർഗോഡ് കലക്ടർ, ഇടയ്ക്ക് പത്തനംതിട്ട കലക്ടർ ഇവരോടൊക്കെ ഇടയ്ക്ക് ഞാൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസുമായും സംസാരിക്കുന്നുണ്ട്.’ – സുരേഷ്ഗോപി പറയുന്നു.