ഉത്തരകൊറിയ വെെറസ് വ്യാപനത്തെ തടഞ്ഞത് ഈ ഒരൊറ്റ ഉത്തരവിലൂടെ

single-img
28 March 2020

രാജ്യത്ത് കൊറോണ വൈറസ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന അവകാശവാദവുമായാണ് ഉത്തര കൊറിയ ലോകത്തിനു മുന്നിൽ നിൽക്കുന്നത്. ഉത്തരകൊറിയയിലെ നിരവധി സൈനികർ വൈറസ് ബാധയേറ്റ് മരണമടഞ്ഞതായി ചില രാജ്യാന്തര മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്ത് ഇതുവരെ കോവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിർത്തികൾ അടച്ചിട്ട് വൈറസ് പടരാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തതെന്നുമാണ് ഉത്തര കൊറിയയുടെ വിശദീകരണം. 

രാജ്യത്ത് ഇതുവരെ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് സാനിറ്ററി ഇൻസ്പെക്‌ഷൻ ബോർഡ് പ്രസിഡന്റ് പാക് മയോങ് സു ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് രാജ്യത്ത് കൊറോണ വെെറസ് ബാധയില്ലെന്ന് ഉത്തരകൊറിയ വീണ്ടും ആവർത്തിക്കുന്നതും. 

രാജ്യത്ത് കൊറോണ വെെറസ് ബാധയെത്താൻ പാടില്ലെന്നു ഏകാധിപതി കിംജോങ് ഉൻ പാർട്ടിയിലെ ഉന്നത ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാജ്യം വൈറസ് ചെറുക്കുന്നതിൽ പരാജയപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥരോട് കിം ജോങ് ഉൻ മാർച്ച് ഒന്നിനാണ് മുന്നറിയിപ്പ് നൽകിയിയത്. 

 ‘പകർച്ചവ്യാധി രാജ്യത്തേക്ക് കടന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’– കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയൻ വാർത്താ എജൻസി റിപ്പോർട്ട് ചെയ്തതിങ്ങനെ. ഇതേസമയം ഉത്തരകൊറിയ  രഹസ്യമായി രാജ്യാന്തര സഹായം തേടിയതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധത്തിന് ഉത്തര കൊറിയ അടിയന്തര സഹായം തേടി ലോകരാജ്യങ്ങളെ സമീപിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ജീവനിൽ പേടിച്ച് ഉദ്യോഗസ്ഥർ ഉത്തരവ് ശിരസ്സാ വഹിക്കുകയാണെന്നും അതിർത്തികൾ അടച്ച് പോക്കുവരവുകൾ നിയന്ത്രിച്ചിരിക്കുകയാണെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

ഫേസ് മാസ്കുകൾ, കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ എന്നിവയ്ക്കായി ദക്ഷിണ കൊറിയയിലെ ആശുപത്രികളിൽ നിന്നും സഹായ സംഘടനകളിൽ നിന്നും ഉത്തരകൊറിയ സഹായം തേടിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.