അത്യാവശ്യത്തിനായി പുറത്തേക്കു പോകണമോ?: ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സൗകര്യമൊരുങ്ങി

single-img
28 March 2020

അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്ക് ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സൗകര്യമൊരുങ്ങി. കോഴിക്കോട് ജില്ലാ ഭരണകൂടം തയാറാക്കിയ ‘കോവിഡ് ജാഗ്രത’ വെബ് ആപ്ലിക്കേഷന്‍ വഴിയാണ് സത്യവാങ്മൂലം ഓൺലെെനായി നൽകാനുള്ള സൗകര്യമൊരുങ്ങിയത്. ഇക്കാര്യം ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. 

ജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി http://117.200.76.158/covid19/ എന്ന ലിങ്ക് വഴി വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശിച്ച്  സത്യവാങ്മൂലം (Self Declaration) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി സൃഷ്ടിക്കുക. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒ.ടി.പി നല്‍കിയതിന് ശേഷം ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വിലാസം, വാഹനം, ഉദ്ദേശം, തീയതി, സമയം, മടങ്ങിവരുന്ന തീയതിയും സമയവും, പോകുന്നത് എവിടെനിന്ന് എവിടേക്ക് എന്നിവ തിരഞ്ഞെടുത്ത് ഫോം സേവ് ചെയ്യുക. തുടര്‍ന്ന് എസ്.എം.എസ് ലഭിച്ചതിന് ശേഷം തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

എന്‍ഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡുകളും പൊലീസും ആവശ്യപ്പെടുമ്പോള്‍ ഈ ഫോം കാണിക്കാം. സത്യവാങ്മൂലത്തില്‍ നിസ്സാര ആവശ്യങ്ങളോ തെറ്റായ വിവരമോ നല്‍കിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. 

കടലാസിലോ ഓണ്‍ലൈന്‍ വഴിയോ ഉള്ള സത്യവാങ്മൂലമോ പാസ്സോ ഇല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

https://drive.google.com/file/d/1S4yMe92oWHzIyh9sl5jAuG1eWyZu5OCs/view എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് (മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍) ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ കാര്യക്ഷമമായ ഏകോപനത്തിന് ജില്ലാ ഭരണകൂടത്തിന്റെ ‘കോവിഡ് ജാഗ്രത’ വെബ് പോര്‍ട്ടല്‍ സഹായകമായിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഈ പോര്‍ട്ടലിലൂടെ ലഭ്യമാവും.