ആതുരസേവനത്തിന്റെ ക്യൂബൻ മാതൃക വീണ്ടും; 37 രാജ്യങ്ങൾക്ക് മെഡിക്കൽ സഹായം ഉറപ്പു നൽകി

single-img
28 March 2020

കൊവിഡ് 19 വ്യാപനത്തിൽ ലോകരാഷ്ട്രങ്ങൾ നടുങ്ങി നിൽക്കു മ്പോൾ വീണ്ടും ആതുരസേവനത്തിന്റെ ക്യൂബൻ മാതൃക. കൊവിഡ് ഭീഷണി നിലനിൽക്കുന്ന 37 രാജ്യങ്ങൾക്ക് കൂടി ക്യൂബ മെഡിക്കൽ പിന്തുണ നൽകും. ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചതിന് പിന്നാലെയാണ് ക്യൂബയുടെ പുതിയ തീരുമാനം.

ക്യൂബൻ ഡോക്ടർമാർ അവരെ ഏല്പിച്ചിരിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്നുണ്ടെന്നും, സ്വയ രക്ഷക്കും പരിചരണത്തിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ടെന്നും, മിൻസാപ്പ് സെൻട്രൽ ഓഫ് മെഡിക്കല് കൊളാബ്രേഷൻ ഡയറക്ടർ ഡോ ജോർഗ് ജുവാൻ ഡെല്ഗാഡോ ബസ്റ്റിലോ പറഞ്ഞു.

കൊവിഡ് പടരുന്ന വിദേശരാഷ്ട്രങ്ങളിൽ പ്രതിരോധ പ്രവർത്തനം നടത്തുന്ന തങ്ങളുടെ ഡോക്ടർമാർ‌ക്കൊന്നും രോഗം പിടിപെട്ടിട്ടില്ലെന്ന് ക്യൂബ അറിയിച്ചു. ഗ്രാന്മ പത്രത്തിലാണ് ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നത്. നിലവിൽ 59 രാജ്യങ്ങൾക്ക് ക്യൂബ മെഡിക്കൽ സഹായം നൽകുന്നുണ്ട്.

സേവനത്തിനയക്കുന്ന ഡോക്ടർമാരിൽ പലരും ആഫ്രിക്കയിൽ പടർന്നുപ പിടിച്ച എബോളയെ പ്രതിരോധിച്ചവരാണ്. വിദഗ്ധരായ 144 ഡോക്ടർമാരുടെ സംഘം ജമൈക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.1960 ലെ ക്യൂബൻ വിപ്ലവത്തിനു ശേഷമാണ് അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ ഡോക്ടർമാരുടെ സേവനം എത്തിക്കുന്നതിൽ ക്യൂബ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.