‘നാടിന് ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി’ കൂട്ടം കൂട്ടിയവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി

single-img
28 March 2020

കണ്ണൂരിൽ കൊറോണ വൈറസ് വ്യാപനതിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൂട്ടംകൂടി നിന്നവരെ ഏത്തമിടീച്ച ജില്ലാ പോലീസ്മേധാവി യതീഷ് ചന്ദ്രയുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

എസ്പിയുടെ നടപടി ശരിയായില്ല എന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പോലീസിന്റെ യശസ്സിന് ഇത്തരം പ്രവർത്തനങ്ങൾ മങ്ങലേൽപ്പിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എസ്പിയോട് ഡിജിപി വിശദീകരണം തേടിയ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനവും എത്തിയത്.

തന്റെ പത്രസമ്മേളനത്തില്‍ ‘നാടിന് ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട് എന്നും ഇനിയും. ഇതുപോലുള്ള സംവാങ്ങൾ ആവർത്തിക്കരുത് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

നല്ലരീതിയില്‍ പ്രവർത്തനം നടത്തുന്ന പോലീസിന്റെ യശസ്സിനെ ഇതു ബാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്നവരാണ് പോലീസുകാർ. ആ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടിൽ സ്വീകാര്യതയുമുണ്ട്. അവയെ എല്ലാം മങ്ങലേൽപ്പിക്കുന്ന നടപടി ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാട്’ – മുഖ്യമന്ത്രി പറഞ്ഞു.