ജീവനേക്കാൾ പ്രധാനപ്പെട്ടത് സമ്പദ് വ്യവസ്ഥയാണ്; ജനങ്ങളോട് ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട് ബ്രസീൽ പ്രസിഡന്റ്

single-img
28 March 2020

ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ കൊറോണയോട് പോരാടുകയാണ്. വൈറസിന്റെ സമൂഹവ്യാപനം തടയാൻ പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് പുറത്തിറങ്ങുവാനും ജോലിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ട് ബ്രസീൽ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ബൊല്‍സൊണാരോ പറഞ്ഞു.

‘എന്നോട് ക്ഷമിക്കണം, ചിലയാളുകള്‍ മരിക്കും അതാണ് ജീവിതം. വാഹനപടകങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നുണ്ടെന്ന് കരുതി കാര്‍ ഫാക്ടറി അടച്ചുപൂട്ടാനാകില്ല.’-പ്രസിഡന്റ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിര്‍ ബൊല്‍സൊണാരോയുടെ വിവാദ പരാമര്‍ശം. രാജ്യത്ത് കൊറോണ ബാധിച്ച്‌ നിരവധിയാളുകള്‍ മരിച്ചിരുന്നു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച്‌ തനിക്ക് സംശയമുണ്ടെന്നും, അത് സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പറയുന്നതാകാമെന്നുമാണ് പ്രസിഡന്റിന്റെ പ്രതികരണം.

മഹാമാരി വന്ന് ലോകരാഷ്ട്രങ്ങൾ എല്ലാം പ്രതിസന്ധിയിലായി രിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റിന്റെ പരാമർശത്തെ വിമർശിച്ച് രാജ്യത്തെ ഗവർണർമാർ അടക്കമുള്ളവർ‌ രംഗത്തുവന്നു. രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമൂഹവ്യാപനം തടയാൻ ഗവർണർമാർ ചേർന്ന് ബ്രസീലിൽ ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് പുറത്തിറങ്ങാൻ പ്രസിഡന്റിന്റെ ആഹ്വാനം.