വായ് മുടാതെ തുമ്മി വെെറസ് പരത്താൻ കെെകോർക്കൂ: ഫേസ്ബുക്കിൽ പ്രകോപനപരമായി പോസ്റ്റിട്ട ടെക്കി അറസ്റ്റിൽ

single-img
28 March 2020

ലോകമാകെ കോവിഡ് 19 ഭീതി ഉയർത്തി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുമായെത്തിയ ടെക്കി അറസ്റ്റിലായി. ബംഗളൂരു ഇൻഫോസിസിലെ ജീവനക്കാരനായ മുജീബ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇൻഫോസിസ് സീനിയർ ടെക്നോളജി ആർക്കിടെക്റ്റ് ആണ് ഇയാളെന്നാണ് ഫേസ്ബുക്കിൽ നിന്ന് ലഭിച്ച വിവരം. ഇയാളെ പിരിച്ചുവിട്ടതായി ഇൻഫോസിസും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 

‘പൊതു സ്ഥലത്ത് വായ് മൂടാതെ തുമ്മി വൈറസ് പരത്താം.. ഇതിനായി കൈകോർക്കു..’ എന്നായിരുന്നു യുവാവ് ഫേസ്ബുക്കിൽ കുറിച്ചത്. സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരനായ ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് ബംഗളൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

കഴിഞ്ഞ 25 വർഷമായി ബംഗളൂരിവിലുള്ള ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഭീതി പരത്തുന്ന പ്രകോപനപരമായ പ്രസ്താവന നടത്തി എന്ന കുറ്റത്തിനാണ് കേസ്. ഇതിന് പിന്നാലെയാണ് ജീവനക്കാരനെ പുറത്താക്കി എന്ന് ഇൻഫോസിസും ട്വിറ്ററിലൂടെ അറിയിച്ചത്.