ഉയര്‍ത്തുന്നത് മാനവികതയുടെ സന്ദേശം; ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്

single-img
27 March 2020

ലോകമാകെ കൊറോണ വൈറസ് വ്യാപനം ഭീതി ഉയര്‍ത്തുമ്പോള്‍ അതിനെതിരെ കഴിയുന്ന രീതിയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേരളവും ഉണ്ട്. ഇതാ, ഇവിടെ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താങ്ങായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ചിതറ നിയാസ്.

രോഗവ്യാപനം തടയാനും, അടിയന്തിര സംവിധാനങ്ങളൊരുക്കാനും വൈറസ് വ്യാപനത്തെ നേരിടാനും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയും, പ്രതിസന്ധിയുമാണ് മുന്നിലുള്ളത്. എല്ലാ മേഖലകളും അടച്ചിട്ടതോടെ നികുതി വരുമാനവും നിലച്ച അവസ്ഥയാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഓർമ്മവെച്ച കാലം മുതല്‍ മുതൽ ബൂത്തു തലത്തിൽ കോൺഗ്രസ് പ്രവർത്തനം തുടങ്ങുകയും യൂത്ത് കോൺഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് വരെ ആയ ഒരാളാണ് താന്‍ എന്നും ചിതറ നിയാസ് പറയുന്നു . ജീവിതാവസാനം വരെയും ആ മൂവർണ്ണക്കൊടി തന്നെയാണ് തന്റെ കൊടി എന്ന് പറയുന്ന നിയാസ്, ഇപ്പോഴുള്ളത് വിഭാഗീയതയുടെ സമയമല്ല. ഏത് സർക്കാറായാലും സർക്കാരിനൊപ്പം ജനങ്ങൾ നിൽക്കേണ്ട സമയമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

സുനാമി വന്നപ്പോഴും, നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴുമൊക്കെ നമ്മൾ ഒറ്റകെട്ടായി നിന്നതാണ്. ഈ പ്രതിസന്ധിയിലും നമുക്കൊരുമിച്ചു നിൽക്കണം. വിഭാഗീയതയുടെയോ ,ജാതിയുടെയോ ,മതത്തിന്റെയോ ,രാഷ്ട്രീയത്തിന്റെയോ സമയമല്ലിത് .സർക്കാരിനൊപ്പം നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കണം എന്ന് പറഞ്ഞുകൊണ്ട് മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്.

https://www.facebook.com/story.php?story_fbid=10158251189329400&id=700114399