യുവതിയുടെ വികൃതികൾ: സൂപ്പർമാർക്കറ്റിലെ ഭക്ഷണ സാധനങ്ങൾക്കു മേൽ മനഃപൂർവ്വം ചുമച്ചു തുപ്പി

single-img
27 March 2020

യുവതി മനഃപൂര്‍വം ഭക്ഷണസാധനങ്ങള്‍ക്കു മേല്‍ ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് നശിപ്പിക്കേണ്ടിവന്നത് 35,000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍. കോവിഡ് രോഗഭീതി നിലനില്‍ക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച യുവതിക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് നീക്കം. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കടയിലെത്തിയ യുവതിയാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. 

പെൻസിൽവാനിയ ഹനോവറിലെ ഗ്രെറ്റി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതിയാണ് ബേക്കറി, മാംസ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു മേല്‍ ചുമച്ചു തുപ്പിയത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. യുവതിയുടെ അസാധാരണ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ അവരെ ഉടന്‍ തന്നെ കടയ്ക്കു പുറത്താക്കുകയായിരുന്നു. 

തുടർന്നു പൊലീസിനെ വിവരം അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അവരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്ന് വ്യക്തമായിട്ടില്ലെങ്കിലും കൃത്യമായ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. 

അന്വേഷണത്തിൽ യുവതി കടയില്‍ പോയ വഴികളെല്ലാം കൃത്യമായി കണ്ടെത്തി അവര്‍ ചുമച്ചു തുപ്പിയ വസ്തുക്കളെല്ലാം ഉടന്‍ തന്നെ നശിപ്പിച്ചു കളയാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കട അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചു. 

കോവിഡ് രോഗം രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം പ്രവൃത്തികള്‍ വളരെ ഗൗരവത്തോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. മനഃപൂര്‍വം രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.