ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് സഹായം നൽകണം; രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അഭ്യർത്ഥനയുമായി മമതാ ബാനര്‍ജി

single-img
27 March 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് ബംഗാളില്‍നിന്നുള്ള തൊഴിലാളികൾ. ഇത്തരത്തിൽ കുടുങ്ങിയ തൊഴിലാളികളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി.

ബംഗാളിൽ നിന്നുള്ളവർക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇപ്പോൾ തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സംഘങ്ങളായി താമസിക്കുന്ന ഇവരെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്ക് കണ്ടെത്തുന്ന കാര്യം എളുപ്പമാണെന്നും മമത കത്തിൽ പറയുന്നു. ഇത്തരത്തിൽ ഉള്ളവർക്ക് പ്രാഥമിക താമസ സ്ഥലങ്ങള്‍ ഒരുക്കണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നിങ്ങളുടെ ഭരണ സംവിധാനങ്ങളോട് ദയവായി പറയണം.

ഇപ്പോഴുള്ള പ്രതിസന്ധിയുടെ കാലത്ത് അവര്‍ക്ക് അടിസ്ഥാനപരമായി വേണ്ട ഭക്ഷണവും ആരോഗ്യ സഹായവും നല്‍കണം- മമത ബാനർജി മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് മമത കത്തയച്ചിട്ടുള്ളത്.