കേരളത്തില്‍ ഇന്ന് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ഏത് സാഹചര്യത്തെയും നേരിടാൻ നാം ഒരുക്കമായിരിക്കാന്‍ മുഖ്യമന്ത്രി

single-img
27 March 2020

കേരളത്തില്‍ ഇന്ന് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ 34 പേർ കാസർഗോഡ് ജില്ലയിൽ നിന്നും 2 പേർ കണ്ണൂർ ജില്ല,ഒരാൾ കൊല്ലം ജില്ല എന്നിവിടങ്ങളിൽ നിന്നുമാണ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊറോണ സ്ഥിരീകരിക്കപ്പെട്ടു. ഇന്ന് മാത്രം പുതുതായി 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ ജില്ലകളിലും കൊറോണ സ്ഥിതി ഗൌരവതരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏത് സാഹചര്യത്തെയും നേരിടാൻ നമ്മൾ ഒരുക്കമായിരിക്കണം എന്നും ആവശ്യപ്പെട്ടു.

അതേപോലെതന്നെ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവർ നിരവധി പേരുമായി ബന്ധപ്പെട്ടു. ഇവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിനെ മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി. ഇയാളുമായി സമ്പർക്കത്തിലായവരിൽ ഭരണാധികാരികൾ, നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉണ്ട്.

കാസർകോട് ജില്ലയുടെ അതിർത്തി റോഡുകളിൽ മണ്ണ് കൊണ്ടിട്ട് ഗതാഗതം തടയുന്ന കർണ്ണാടക സർക്കാരിന്റെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. കേരള ചീഫ് സെക്രട്ടറി ഇക്കാര്യം കർണ്ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. മണ്ണുമാറ്റാമെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇക്കാര്യം പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.