‘ഓപ്പറേഷന്‍ നമസ്‌തേ’; കൊറോണയെ പ്രതിരോധിക്കാനുള്ള ദൌത്യവുമായി ഇന്ത്യന്‍ ആര്‍മി

single-img
27 March 2020

ലോകരാജ്യങ്ങളെയാകെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് രംഗത്തിറങ്ങുകയാണ് ഇന്ത്യന്‍ സൈന്യവും. ‘ഓപ്പറേഷന്‍ നമസ്‌തേ’ എന്ന് പേരിട്ടിട്ടുള്ള സൈന്യത്തിന്റെ പദ്ധതിയെ സംബന്ധിച്ച് കരസേന മേധാവി എം എം നരവാനെയാണ് വെളിപ്പെടുത്തിയത്. പദ്ധതിക്ക് കീഴില്‍ ഇതുവരെ രാജ്യമാകെ എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം സജ്ജമാക്കിയിരിക്കുന്നത്.

ഇതിന് മുന്‍പും നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന്‍ നമസ്‌തേ’യും വിജയകരമായി പൂര്‍ത്തിയാക്കുമെന്നും നരവാനെ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും പൊതുജനത്തിനെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ കരസേനാ മേധാവിയെന്ന നിലയില്‍ സേനയിലെ അംഗങ്ങള്‍ ആരോഗ്യവാന്മാരായിരിക്കുക എന്നത് തന്റെ ഉത്തരവാദിത്തം കൂടിയാണെന്നും രാജ്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് സുപ്രധാനമാണെന്നും ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നുവെന്നും അത് കര്‍ശനമായി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.