ചാടിയിറങ്ങിയ ഉടൻ അടി തുടങ്ങി; പിന്നീടാണ് മനസ്സിലായത് അത് നഗരസഭ ഉദ്യോഗസ്ഥരാണെന്ന്: മാപ്പു പറഞ്ഞ് പൊലീസ്

single-img
27 March 2020

മലപ്പുറത്ത് അമിതമായി വിലയീടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന്‌ കടകളില്‍ പരിശോധനക്കെത്തിയ നഗരസഭാ സംഘത്തിനു നേരേ പോലീസിൻ്റെ അതിക്രമം. ആള്‍ക്കൂട്ടമെന്നു തെറ്റിദ്ധരിച്ചായിരുന്നു പോലീസ്‌ ലാത്തി വീശിയത്‌. അബദ്ധം തിരിച്ചറിഞ്ഞ പോലീസ്‌ പിന്നീട്‌ മാപ്പു ചോദിച്ചു. ഇന്നലെ രാവിലെ മലപ്പുറം കൊണ്ടോട്ടിയിലാണ്‌ സംഭവം. സംഘം കടയില്‍ വിവരങ്ങള്‍ അനേ്വഷിക്കുന്നതിനിടെ പോലീസ്‌ വാഹനത്തിലെത്തിയ എസ്‌.ഐ. ചാടിയിറങ്ങി സംഘത്തെ അടിക്കുകയായിരുന്നു. 

കൊണ്ടോട്ടി നഗരസഭാധ്യക്ഷ കെ സി ഷീബയുടെ നേതൃത്വത്തില്‍ സെക്രട്ടറി പി.ടി. ബാബു, ജെ.എച്ച്‌.ഐ: അനില്‍കുമാര്‍, കൗണ്‍സിലര്‍ യു.കെ. മമ്മദിശ എന്നിവരുടെ നേതൃത്വത്തിലാണ്‌ മുണ്ടപ്പലത്തെ പലചരക്ക്‌ കടയില്‍ പരിശോധനക്കെത്തിയത്‌. സെക്രട്ടറി പി.ടി. ബാബുവിനും ജെ.എച്ച്‌.ഐ: അനില്‍കുമാറിനും അടിയേറ്റു. നഗരസഭാധ്യക്ഷ കെ.സി. ഷീബ ഓടിമാറി. കൗണ്‍സിലര്‍ യു.കെ. മമ്മദിശയെ കണ്ടതോടെയാണ്‌ എസ്‌.ഐക്ക്‌ നഗരസഭാധികൃതരാണെന്ന്‌ മനസിലായത്‌.

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ പിന്നീട്‌ നഗരസഭയുടെ വാഹനം സ്‌ഥലത്തുണ്ടായിരുന്നിട്ടും കാര്യങ്ങള്‍ അന്വേഷിക്കാതെ ലാത്തി വീശിയ പോലീസ്‌ നടപടി വിവാദമായിട്ടുണ്ട്‌. എസ്‌.ഐ സംഭവസ്‌ഥലത്ത്‌ വച്ചുതന്നെ മാപ്പുപറയുകയും ചെയ്തു. വൈകിട്ടു നഗരസഭാകാര്യാലയത്തിലെത്തിയ ഇന്‍സ്‌പെക്‌ടര്‍ ബിജുവും മലപ്പുറം ഡിവൈ.എസ്‌.പി ജലീല്‍ തോട്ടത്തിലും പോലീസിന്റെ വീഴ്‌ചയില്‍ ക്ഷമ ചോദിച്ചു.

എസ്‌.ഐക്കെതിരേ വകുപ്പുതലത്തില്‍ അന്വേഷണം നടത്താമെന്ന്‌ അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പോലീസിനെതിരേ നല്‍കിയ പരാതി നഗരസഭാധികൃതര്‍ പിന്‍വലിച്ചു.