ഹരിപ്പാട് കൗൺസിലർ സതീഷ്, കൊച്ചിയിലെ രണ്ടു യുവാക്കൾ, ഗരുഡ പഞ്ചനക്ഷത്ര ഹോട്ടൽ: കോവിഡേ… ഇതു കേരളമാണ്, ഇവിടെ നീ തോറ്റുപോകും

single-img
27 March 2020

കോവിഡ് ബാധിതർക്ക് ഐസലേഷൻ വാർഡ് ഒരുക്കാൻ സ്വന്തം വീട് വിട്ടുനൽകി ഹരിപ്പാട് നഗരസഭാ 14–ാം വാർഡ് കൗൺസിലർ സതീഷ് മുട്ടത്തിൻ്റെ നടപടി അഭിനനന്ദനാർഹം. ആരോഗ്യവകുപ്പ് അധികൃതരുൾപ്പെടുന്ന സംഘം വീടു പരിശോധിച്ചു ഉറപ്പു വരുത്തിയതിനെ തുടർന്ന്  അവർക്കു സമ്മതപത്രം കൈമാറി സതീഷ്, ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കുടുംബവീട്ടിലേക്കു താമസം മാറി. 

കൊച്ചിയിൽ നിന്നുള്ള രണ്ടു യുവാക്കളുടെ നടപടികളും പ്രശംസനീയമാണ്. നാടെങ്ങും കോവിഡ് രോഗികൾ വിലക്കു ലംഘിച്ചു കറങ്ങി നടന്നതിൻ്റെ കഥകൾ ഭീതി പരത്തുമ്പോഴാണ് നല്ല മാതൃകയായി യുവാക്കൾ രംഗത്തെത്തിയത്. പാരിസിൽനിന്നു വന്ന അന്നുമുതൽ ഇവർ സ്വയം സമ്പർക്ക വിലക്കിലേർപ്പെട്ട് മറ്റാരുമില്ലാത്ത വീട്ടിൽ ഒരുമിച്ചു കഴിയുകയായിരുന്നു. അതിനാൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും അധികൃതർക്കു തലവേദനയില്ലെന്നുള്ളതാണ് മഹത്തായ വസ്തുത. 

പിജി വിദ്യാർഥികളായ സുഹൃത്തുക്കൾ 16‌നാണു ഡൽഹിയിലെത്തിയത്. പാരിസിൽ വച്ചു കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ഇവർ 17നു കൊച്ചിയിലെത്തി. ഇവർക്കു രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം ലഭിച്ചു. ഒരാളുടെ രക്ഷിതാവ് ഭക്ഷണം വീടിൻ്റെ പുറത്തുവച്ചു മടങ്ങുകയായിരുന്നു പതിവ്. 23നു പനിയായതോടെ ഇവരെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റാരുമായും സമ്പർക്കമില്ലാതിരുന്നതിനാൽ അധികൃതർക്ക് ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കേണ്ടി വന്നില്ല. 

തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗരുഡയുടെ ഇക്കോണമി ഹോട്ടലായ ഗരുഡ എക്സ്പ്രസ് കോവിഡ് ആശുപത്രിയാക്കാൻ വിട്ടുകൊടുത്തതും കേരളത്തെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുവാനുള്ള മാതൃകയാണ്. പ്രവാസി ബിസിനസുകാരനായ ഗിരിജവല്ലഭന്റേതാണു ഹോട്ടൽ. സമ്മതപത്രം ജനറൽ മാനേജർ സി. രാമനുണ്ണി മന്ത്രി എ.സി. മൊയ്തീനു കൈമാറി. അതിൻപ്രകാരം കുറുപ്പം റോഡിലെ 45 മുറികളുള്ള ഹോട്ടലിൽനിന്ന് ഇന്നലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. മാത്രമല്ല കെട്ടിടം പ്രവർത്തിപ്പിക്കാനാവശ്യമായ സാങ്കേതിക സഹായവും ഗരുഡ നൽകുമെന്ന് അവർ അറിയിച്ചു.